പയ്യന്നൂർ: നവകേരളം കർമ്മ പദ്ധതിയിലുൾപ്പെടുത്തി കേരള സർക്കാർ ലൈഫ് മിഷനിലൂടെ സംസ്ഥാനത്ത് രണ്ട് ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചപ്പോൾ 514 വീടുകൾ നിർമ്മിച്ച് നൽകി പയ്യന്നൂർ നഗരസഭയും പദ്ധതിയിൽ ഏറ്റവും കൂടുതൽ വീടുകൾ നൽകിയ നഗരസഭകളിലൊന്നായി സ്ഥാനം പിടിച്ചു. നഗരസഭാ പരിധിയിൽ പണിതുയർത്തിയ വീടുകളുടെ പൂർത്തികരണ പ്രഖ്യാപന ചടങ്ങ് ഗാന്ധിപാർക്കിൽ സി.കൃഷ്ണൻ എം.എൽ.എ. നിർവ്വഹിച്ചു.

നഗര സഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭയിൽ പി.എം.എ.വൈ ലൈഫ് (നഗരം) പദ്ധതിയിൽ ഉൾപ്പെടുത്തി 482 വീടുകളാണ് നിർമ്മിച്ചത്. നേരത്തെ വിവിധ സർക്കാർ പദ്ധതികളിലുൾപ്പെട്ട് ഭവന നിർമ്മാണ ധനസഹായം ലഭിച്ചശേഷം നിർമ്മാണം നിലച്ചുപോയ 32 വീടുകളുടെ നിർമ്മാണവും ഇതോടൊപ്പംപൂർത്തീകരിക്കുകയുണ്ടായി. ആകെ 514 വീടുകളുടെ നിർമ്മാണമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടമായി ഭൂരഹിത ഭവനരഹിതർക്ക് ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കാനായി കോറോം വില്ലേജിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മെയ് മാസത്തോടെ നിർമ്മാണ പ്രവർത്തനം തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നഗരസഭ.