കൊട്ടിയൂർ(കണ്ണൂർ): കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി റോബിൻ വടക്കുംചേരിയെ സഭയിൽ നിന്ന് പുറത്താക്കി. മാർപ്പാപ്പയുടേതാണ് നടപടി. മാനന്തവാടി രൂപതാവൈദികനായിരുന്നു വടക്കുംചേരി.
2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിനു പിന്നാലെ റോബിൻ വടക്കും ചേരിക്കെതിരെ സഭ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. 2017 തുടക്കത്തിൽ അന്വേഷണത്തിനായി പ്രത്യേക കമ്മിഷനെ സഭ നിയോഗിച്ചു. തുടർന്ന് 2019ൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. കേസിൽ പ്രതിയായതിന് പിന്നാലെ റോബിൻ വടക്കുംചേരിയെ വൈദിക പദവിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
2017 ഫെബ്രുവരിയിൽ ഫാദർ റോബിനെ കസ്റ്റഡിയിലെടുത്തു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റോബിൻ വടക്കുംചേരിക്ക് 20 വർഷത്തെ കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിലാണ് ഇയാൾ.