ചെറുവത്തൂർ: സ്ഥലപരിമിതി മൂലം ദേശീയപാതയിലെ ചെറുവത്തൂർ ആർ.ടി.ഒ. ചെക് പോസ്റ്റ് വീർപ്പുമുട്ടുന്നു. നിന്നു തിരിയാൻ സ്ഥലമില്ലാത്ത ഓഫീസും വാഹനങ്ങൾക്ക് നിർത്തിയിടാൻ സൗകര്യമില്ലാത്ത പരിസരവും ചെക് പോസ്റ്റിന്റെ പ്രവർത്തനം അവതാളത്തിലാക്കുന്നു. നിത്യേന നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ ഇവിടെ പരിശോധനയ്ക്ക് വിധേയമാകുന്നുണ്ട്.
പെർമിറ്റ്, ലോഡ് തുടങ്ങി വിശദമായ പരിശോധനകൾക്കായി ചരക്ക് ലോറികൾ റോഡരികിൽ തന്നെയാണ് നിർത്തിയിടുന്നത്. മതിയായ രേഖകളില്ലെങ്കിൽ വാഹനങ്ങൾ പിടിച്ചിടുന്നതും ദേശീയപാതയ്ക്കരികിൽ തന്നെ. ഇതൊക്കെ ദേശീയപാതയിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു.
നേരത്തെ ബസുകൾ ഇവിടെ നിർത്തി സമയം രേഖപ്പെടുത്തിയിരുന്നു. ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാനുതകുന്ന ഈ സമ്പ്രദായം ഇപ്പോൾ നിർത്തലാക്കിയിരിക്കുകയാണ്. ഓഫീസ് കെട്ടിടം പ്രവർത്തിക്കുന്നത് പഴയ കെട്ടിടത്തിലാണ്. വിലപ്പെട്ട രേഖകളടക്കം സൂക്ഷിക്കേണ്ട ഈ ഓഫീസിന്റെ പ്രവർത്തനവും സ്ഥലപരിമിതി കൊണ്ട് ബുദ്ധിമുട്ടുകയാണ്.
ചെക് പോസ്റ്റ് ഒഴിവാക്കി വാഹനങ്ങൾ,
ഓഫീസ് മാറ്റാൻ ശ്രമം
കാഞ്ഞങ്ങാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് ചെറുവത്തൂർ ചെക് പോസ്റ്റിലെ പരിശോധന കൂടാതെ നീലേശ്വരം കോട്ടപ്പുറം വഴി അച്ചാംതുരുത്തി പാലം കടന്ന് തൃക്കരിപ്പൂർ വഴി കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കാൻ കഴിയും. തിരിച്ചും പയ്യന്നൂരിൽ നിന്നുള്ള വാഹനങ്ങൾക്ക് കാഞ്ഞങ്ങാട്ടേക്ക് കടക്കാൻ കഴിയും. ഇത് പരിഹരിക്കാനായി ചെക് പോസ്റ്റ് പടന്നകാട്ടേക്ക് മാറ്റാനുള്ള ശ്രമം നേരത്തെ തുടങ്ങിയിരുന്നു. ഓഫീസ് സ്ഥാപിക്കാനുള്ള കെട്ടിട സൗകര്യവും മറ്റും കണ്ടെത്തായാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
ചെക് പോസ്റ്റ് പ്രവർത്തനം തുടങ്ങിയിട്ട് 25 വർഷം
വാഹന പരിശോധന ദേശീയപാതയ്ക്കരികിൽ
ചെക് പോസ്റ്റ് പടന്നക്കാട്ടേക്ക് മാറ്റാൻ ആലോചന
ചെക് പോസ്റ്റിൽ നിർത്തിയിടുന്ന വാഹനങ്ങൾ കാരണം ഇതുവഴിയുള്ള കാൽനടയാത്ര പോലും ബുദ്ധിമുട്ടുണ്ടാക്കുന്നു. കാലപ്പഴക്കം കാരണം ഓഫീസ് കെട്ടിടത്തിന്റെ അവസ്ഥ പരിതാപകരമാണ്..
എം.പി.പത്മനാഭൻ,
പൗരപ്രമുഖൻ