കണ്ണൂർ: ലോക്കോ പൈലറ്റ് ഇല്ലാതെ ട്രെയിൻ എൻജിൻ ഓടിയ സംഭവത്തിൽ റെയിൽവേ അന്വേഷണം തുടരുന്നു. ശനിയാഴ്ച്ച രാവിലെയാണ് കണ്ണൂർ എക്‌സ്പ്രസ്സ് ട്രെയിനിന്റെ എൻജിൻ 1.8 കിലോമീറ്റർ തനിയെ ഓടിയത്.സംഭവത്തിൽ ലോക്കോ പൈലറ്റിനെയും അസി.ലോക്കോ പൈലറ്റിനെയും അന്വേഷണ വിധേയമായി റെയിൽവേ ഡിവിഷണൽ മാനേജർ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്നു തലശ്ശേരി ഭാഗത്തേക്കു ലോക്കോ പൈലറ്റ് ഇല്ലാതെ നീങ്ങിയ എൻജിൻ ആനയിടുക്ക് റെയിൽവേ ഗേറ്റിന് 300 മീറ്റർ മുൻപുള്ള സിഗ്‌നലിനു സമീപമെത്തിയാണു നിന്നത്. തക്കസമയത്ത് അപായ സൂചന ലഭിച്ചതിനാൽ ഗേറ്റ് കീപ്പർ ഗേറ്റ് അടച്ചത് അപകടമൊഴിവാക്കി. ഈ സമയത്ത് മറ്റു ട്രെയിനുകൾ ഈ ട്രാക്കിൽ വരാത്തതും തുണയായി.
കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ മൂന്നാമത്തെ ട്രാക്കിലാണ് ട്രെയിൻ എത്തിയത്. തിരികെ പോകാനുള്ളതിനാൽ എൻജിൻ യാഡിലെത്തിച്ച ശേഷം മുന്നിൽ ഘടിപ്പിക്കുന്നതാണു രീതി. എന്നാൽ എൻജിൻ വേർപെടുത്തി ഇതേ ട്രാക്കിൽ നിർത്തിയിട്ടതല്ലാതെ മാറ്റിയില്ല.ലോക്കോ പൈലറ്റും ഗാർഡും ഉൾപ്പെടെ ആരും എൻജിനു സമീപത്തുണ്ടായിരുന്നില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ എൻജിൻ നീങ്ങിത്തുടങ്ങുകയായിരുന്നു . 1.8 കിലോമീറ്റർ ഓടിയ ട്രെയിൻ ആനയിടുക്ക് റെയിൽവേ ഗേറ്റിനു അടുത്താണ് നിന്നത്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഒരു വർഷത്തിനിടെയുണ്ടായ മൂന്നാമത്തെ പിഴവാണു റെയിൽവേയുടേത്. കഴിഞ്ഞ ജൂലായിൽ, നടാൽ ഗേറ്റ് തുറന്നു കിടക്കുമ്പോൾ എൻജിൻ പാഞ്ഞുപോയപ്പോൾ തലനാരിഴയ്ക്കാണ് അപകടമൊഴിവായത്.കണ്ണൂരിൽനിന്നു കൊയിലാണ്ടിയിൽ എത്തിക്കാൻ ലോക്കോ പൈലറ്റ് എൻജിനുമായി പോകുമ്പോഴായിരുന്നു പിഴവ്. തുറന്നിട്ട ഗേറ്റിലൂടെ വാഹനങ്ങൾ പോകുമ്പോൾ, സിഗ്‌നൽ തെറ്റിച്ച് എൻജിൻ പാഞ്ഞുപോവുകയായിരുന്നു. നിറയെ യാത്രക്കാരുമായി വന്ന ബസിന്റെ ഡ്രൈവറുടെ മനഃസാന്നിധ്യമൊന്നുകൊണ്ട് മാത്രമാണ് അന്ന് വൻദുരന്തം വഴിമാറിയത്.
രണ്ടുമാസം മുൻപ് നടാൽ ഗേറ്റ് തുറന്നുകിടക്കുമ്പോൾ തലശ്ശേരി ഭാഗത്തുനിന്നുള്ള ട്രെയിൻ ഗേറ്റിന് 50 മീറ്റർ അകലെ ബ്രേക്കിട്ട സംഭവമുണ്ടായി.സിഗ്‌നൽ പാളിച്ചയായിരുന്നു കാരണം. ഒരു വർഷം മുൻപ് പാസഞ്ചർ ട്രെയിനിന്റെ എൻജിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ട്രാക്ക് ഡെഡ് ലൈൻ പിന്നിട്ട് മറിഞ്ഞുവീണതും റെയിൽവേയുടെ അപകടകരമായ വീഴ്ചകളിൽ പെട്ടതാണ്.