മാവുങ്കാൽ: ദേശീയ പാത വികസനത്തിന്റെ ഭാഗമായി കടകൾ നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് കെട്ടിട ഉടമകളിൽ നിന്ന് നഷ്ടപരിഹാരം വാങ്ങി നൽകാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടപെട്ടില്ല എന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെ.വി.വി.ഇ.എസ് മാവുങ്കാൽ യൂണിറ്റ് പ്രവർത്തക സമിതി യോഗം അറിയിച്ചു.
മാവുങ്കാൽ യൂണിറ്റിൽ ഏകോപന സമിതി അംഗങ്ങളായ 31 വ്യാപാരികളുടെ കടകൾ നഷ്ടപ്പെടുന്നുണ്ട്. ജില്ലാ കമ്മിറ്റി കെട്ടിട ഉടമകളുമായി സംസാരിച്ച് പത്ത് സ്ഥാപനങ്ങളിലെ വ്യാപാരികൾക്ക് 13.40 ലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങി നൽകിയിട്ടുണ്ട്. പതിനൊന്ന് വ്യാപാരികൾക്ക് പുതിയ കെട്ടിടത്തിൽ പുനരധിവാസവും ഉറപ്പ് വരുത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനെ കണ്ട് നിവേദനം നൽകുകയും സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഉടൻ ലഭ്യമാക്കുമെന്നും കെട്ടിട ഉടമകൾ വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
യോഗം മാവുങ്കാൽ ജില്ലാ സെക്രട്ടറി എം.പി. സുബൈർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ലോഹിതാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ, ബാലൻ എന്നിവർ സംസാരിച്ചു.