ചെറുവത്തൂർ: കൈരളി പൊള്ളപ്പൊയിലിന്റെ നേതൃത്വത്തിൽ സിവിക് കൊടക്കാട് അനുസ്മരണവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു.

കൈരളി ആർട്സ് ക്ലബ്ബ്, ബാലകൈരളി ഗ്രന്ഥാലയം എന്നിവയുടെ സ്ഥാപക സെക്രട്ടറിയും കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന സിവിക് കൊടക്കാടിന്റെ സ്മരണയ്ക്ക് കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ ആറാമത് സിവിക് സ്മാരക പുരസ്കാരം കേരള സംഗീത നാടക അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, വാസു ചോറോടിനു സമർപ്പിച്ചു.

കൈരളി ആർട്സ് ക്ലബ്ബ് മുൻ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ അധ്യക്ഷനായി. കേരള സാഹിത്യ അക്കാഡമി എക്സിക്യുട്ടീവ് അംഗം ഇ.പി. രാജഗോപാലൻ അനുസ്മരണ പ്രഭാഷണം നടത്തി.

പായൽ ബുക്സ് കണ്ണൂർ പ്രസിദ്ധീകരിച്ച സതി കൊടക്കാടിന്റെ കാവ്യസമാഹാരം കാൽവരയിലെ മാലാഖമാർ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സി.എം.വിനയചന്ദ്രൻ ബാലകൈരളി ഗ്രന്ഥാലയം മുൻ പ്രസിഡന്റ് കെ.കുഞ്ഞിരാമന് നൽകി പ്രകാശനം ചെയ്തു.

പിലിക്കോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. കുഞ്ഞിരാമൻ, ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. ചന്ദ്രൻ സംസാരിച്ചു. ബാലകൈരളി ഗ്രന്ഥാലയം സെക്രട്ടറി പ്രദീപ് കൊടക്കാട് സ്വാഗതവും കൈരളി ആർട്സ് ക്ലബ്ബ് സെക്രട്ടറി എം.വി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് ഉദിനൂർ ജ്വാല തീയറ്റേഴ്സ് അവതരിപ്പിച്ച മർഫി, അക്ഷയ തീയേറ്റേഴ്സ് കൊടക്കാടിന്റെ ബെഞ്ച് നാടകങ്ങൾ അരങ്ങേറി.