പദ്ധതിക്കായി അമ്പലത്തറയിൽ 200 ഏക്കർ

പ്രതീക്ഷിക്കുന്ന വരുമാനം 5000 കോടി

നീലേശ്വരം: ഇന്ത്യയിൽ ആദ്യമായി കൃഷി, വെറ്ററിനറി, പ്രകൃതി, തൊഴിൽ എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകിയ വൻപദ്ധതിക്കായുള്ള മടിക്കൈയുടെ കാത്തിരിപ്പു നീളുന്നു.

കഴിഞ്ഞവർഷം പദ്ധതി തുടങ്ങാനായി മടിക്കൈ പഞ്ചായത്തിലെ അമ്പലത്തറ വില്ലേജിൽ 200 ഏക്കർ റവന്യു ഭൂമിയും പ്രോജക്ട് തയ്യാറാക്കാൻ 10 കോടി രൂപയും അനുവദിച്ചിരുന്നു. 2025 ആകുമ്പോഴേക്കും 5000 കോടി രൂപ പ്രതീക്ഷിക്കുന്ന കാർഷികാധിഷ്ഠിത വ്യവസായം തുടങ്ങാനായിരുന്നു പദ്ധതി.

ജില്ലയെ കൂടാതെ കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലേക്കും വ്യാപിപ്പിക്കാനുദ്ദേശിക്കുന്ന പ്രോജക്ടാണ് തയ്യാറാക്കിയിരുന്നത്. കർഷകന് നേരിട്ട് ലാഭം കിട്ടത്തക്ക രീതിയിൽ വിവിധ വകുപ്പുകൾ കേന്ദ്രീകരിച്ച് പ്രകൃതി സൗഹൃദ വികസന കാഴ്ചപ്പാടോടെയാണ് പദ്ധതി വിഭാവനം ചെയ്തത്.

പരമ്പരാഗതമായ നിർമ്മാണ രീതിയെ അവലംബിച്ച് പുതിയ ടെക്നോളജിയിലൂടെ പ്രകൃതിയുമായി ഇണങ്ങുന്ന രീതിയിലുള്ള പദ്ധതിയാണ് മടിക്കൈയിൽ തുടങ്ങാനുദ്ദേശിക്കുന്നത്. കണ്ണൂർ, മംഗലാപുരം വിമാനത്താവളം, തുറമുഖം എന്നിവ പദ്ധതി തുടങ്ങാനുദ്ദേശിക്കുന്ന പ്രദേശത്തിന്റെ സമീപത്തായതിനാൽ വിദേശ വിപണി കണ്ടെത്താനും എളുപ്പമാകും.

വെറ്ററിനറി സർവ്വകലാശാലയുമായി സഹകരിച്ചാണ് ഇപ്പോൾ പ്രോജക്ട് തയ്യാറാക്കിയിട്ടുള്ളത്.

എന്നാൽ ജില്ലാ ഭരണാധികാരികൾ പ്രോജക്ടിനെ കുറിച്ച് കൃത്യമായി പഠിക്കാത്തതിനാലാണ് പ്രോജക്ട് ഇത്രയും നീണ്ടുപോയതെന്ന ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ ഒരു മാസമായി പ്രോജക്ട് മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് കിടക്കുകയാണ്. ഈ മാർച്ച് മാസത്തിനുള്ളിൽ പ്രോജക്ടിന് അംഗീകാരം ലഭിച്ചില്ലെങ്കിൽ 10 കോടി രൂപ നഷ്ടപ്പെടാനും സാദ്ധ്യതയുണ്ട്.

അഡീഷണൽ ചീഫ് സെക്രട്ടറി, റവന്യു വകുപ്പ് മന്ത്രിയുടെ പി.എ. എന്നിവരുടെ നേതൃത്വത്തിൽ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാർ എന്നിവരുടെ യോഗം വിളിച്ചിരുന്നുവെങ്കിലും പിന്നീട് ഒന്നും നടന്നിട്ടില്ല.

റവന്യു മന്ത്രിയുടെ മണ്ഡലവും സി.പി.എം ഭരിക്കുന്ന പഞ്ചായത്തുമായിട്ടും ഇത്രയും വലിയ ഒരു പദ്ധതി യാഥാർത്ഥ്യമാകാത്തതിൽ മടിക്കൈയിൽ വ്യാപകമായ പ്രതിഷേധമുയരുകയാണ്.

കോഴി, ആട്, പോത്ത് എന്നിവ വളർത്തി സംസ്കരണ കേന്ദ്രത്തിൽ എത്തിച്ചാൽ കർഷകന് മാന്യമായ വില

ആഭ്യന്തര വിപണി കൂടാതെ വിദേശ വിപണിയും കണ്ടെത്തും.

വ്യവസായ സംരംഭകരെ വാർത്തെടുക്കുക

സഹ സൊസൈറ്റികൾ, കുടുംബശ്രീ എന്നിവയുടെ സഹകരണം ഉറപ്പാക്കും