കാഞ്ഞങ്ങാട്: സീബ്രാലൈനിലൂടെ റോഡ് മറികടക്കുന്നതിനിടയിൽ താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥയെ ഇടിച്ച് പരിക്കേൽപ്പിച്ച ഓട്ടോഡ്രൈവറുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെന്റ് ചെയ്തു. അജാനൂർ കൊളവയലിലെ കെ. കുഞ്ഞഹമ്മദിന്റെ ഡ്രൈവിംഗ് ലൈസൻസാണ് ആർ.ടി.ഒ സസ്പെന്റ് ചെയ്തത്. ജനുവരി 31ന് പഴയ എൽ.ഐ.സി ഓഫീസിനു സമീപത്തെ സിബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെയാണ് മുഹമ്മദ്കുഞ്ഞി ഓടിച്ച ഓട്ടോ ഹോസ്ദുർഗ് താലുക്കോഫീസ് ജീവനക്കാരിയെ ഇടിച്ചു വീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇവർ ആഴ്ചകളോളം മംഗലാപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൊസ്ദുർഗ് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഓട്ടോ ഡ്രൈവർ കുറ്റക്കാരനാണെന്നു കണ്ടതിനെ തുടർന്ന് ആർ. ടി.ഒയ്ക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.