കാസർകോട്: ജില്ലയിൽ കുന്നിടിച്ചുള്ള മണ്ണ് കടത്തിനും മണൽ കടത്തിനുമെതിരെ വിജിലൻസ് അന്വേഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി പെരിയ പുല്ലാനിക്കുഴിയിലും നീലേശ്വരം പേരോലിലും വിജിലൻസ് സംഘം പരിശോധന നടത്തി. പുല്ലാനിക്കുഴിക്ക് സമീപം നടത്തിയ പരിശോധനയിൽ മണ്ണ് കടത്താനുപയോഗിക്കുന്ന രണ്ട് ടിപ്പർ ലോറികളും ഒരു ജെ.സി.ബിയും പിടികൂടി. പിടിച്ചെടുത്ത ലോറികളും ജെ.സി.ബിയും തുടർ നടപടികൾക്കായി വില്ലേജ് ഓഫീസർക്ക് കൈമാറി.
പേരോലിൽ നടത്തിയ പരിശോധനയിൽ രണ്ടര ഏക്കറോളം കുന്നിടിച്ച് മണ്ണ് കടത്തിയതായി കണ്ടെത്തി. സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച ശേഷം സ്ഥല ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ജില്ലയിൽ വ്യാപകമായി മണ്ണും മണലും കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് വിജിലൻസ് അന്വേഷണ സംഘം പറഞ്ഞു. മണ്ണും മണലും കടത്തുന്നവർക്കെതിരെ മാത്രമല്ല ഒത്താശനൽകുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്ന് വിജിലൻസ് വ്യക്തമാക്കി. വിജിലൻസ് സി.ഐ ഉണ്ണകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.