കാസർകോട്/തൃക്കരിപ്പൂർ: കാസർകോട് ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്നലെ രാവിലെ മുതൽ കനത്ത മഴ പെയ്തു. അപ്രതീക്ഷിത മഴയെ തുടർന്ന് റോഡുകൾ ചെളിക്കുളമായി. റോഡ് നിർമ്മാണം പാതിവഴിയിലായ മലയോരത്തെ പല ഭാഗങ്ങളിലും മണിക്കൂറോളം ഗതാഗതം മുടങ്ങി. കാസർകോട് ടൗണിലും പരിസരത്തും കനത്ത മഴയാണ് ലഭിച്ചത്. തൃക്കരിപ്പൂർ, ചെറുവത്തൂർ , കാഞ്ഞങ്ങാട് ഭാഗങ്ങളിൽ സാമാന്യം മോശമല്ലാത്ത മഴയും ലഭിച്ചു.

ചെർക്കള - ബദിയടുക്ക റോഡിൽ ബീജന്തടുക്കക്ക് സമീപം പെർമുഖയിലാണ് മൂന്ന് മണിക്കൂറോളം ഗതാഗതം മുടങ്ങിയത്. പിന്നീട് റോഡിൽ മെറ്റൽ നിരത്തി ഗതാഗത പ്രശ്‌നത്തിന് താൽക്കാലിക പരിഹാരം കാണുകയായിരുന്നു. മുള്ളേരിയ അർളപ്പദവ് റോഡിൽ ബെള്ളൂർ പഞ്ചായത്ത് ഓഫീസിനു സമീപവും പള്ളപ്പാടിയിലും മഴ മൂലം റോഡിൽ ചെളിനിറയുകയും ഗതാഗത തടസ്സം നേരിടുകയും ചെയ്തു. മുണ്ട്യത്തടുക്ക - നീർച്ചാൽ റോഡിലും കന്യാപ്പാടിയിലും പരിസരങ്ങളിലും റോഡിൽ വെള്ളം കയറിയിട്ടുണ്ട്.

തൃക്കരിപ്പൂരിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ രാവിലെ മുതൽ നിർത്താതെ മഴ പെയ്തു. എടാട്ടുമ്മൽ, കൊയോങ്കര, പുച്ചോൽ, തലിച്ചാലം ഭാഗങ്ങളിൽ രാവിലെ 8 മണി മുതൽ ചെറിയ തോതിൽ തുടങ്ങിയ മഴ എട്ടരയോടെ ശക്തിയാർജിച്ചു. കാലവർഷത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ റോഡിലും, താഴ്ന്ന പ്രദേശത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. അൽപ്പ നേരത്തെ ഇടവേളക്കുശേഷം പത്തരയോടെ വീണ്ടും മഴ പെയ്തു തുടങ്ങി.

കുംഭമാസത്തിൽ മഴ പെയ്താൽ നാട്ടിൽ കാർഷിക അഭിവൃദ്ധി ഉണ്ടാകുമെന്ന പഴമക്കാരുടെ വിശ്വാസം. ഒന്നു രണ്ടു മഴ കൂടി ലഭിച്ചാൽ കുടിവെള്ള ക്ഷാമത്തിന് ചെറിയ തോതിലെങ്കിലും ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ചീമേനി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെ ശക്തമായ മഴയുണ്ടായി. വലിയപറമ്പയിലെ പടന്നകപ്പുറം, പടന്ന പഞ്ചായത്തിലെ കിനാത്താൽ, പിലിക്കോടും,ചെറുവത്തൂരിന്റെ വിവിധ ഭാഗങ്ങളിലും മഴ പെയ്തു. ചെറുപുഴ, പാടിയോട്ടുചാൽ അടക്കമുള്ള കിഴക്കൻ മലയോര മേഖലകളിലും പയ്യന്നൂരിനടുത്തുള്ള അന്നൂരും സാമാന്യം ശക്തമായ മഴ പെയ്തിട്ടുണ്ട്. വേനൽ കടുത്തതിന് ശേഷം രണ്ടു തവണയായി ലഭിച്ച ശക്തമായ മഴ മലയോര മേഖലയിലടക്കമുള്ള കാർഷിക വിളകൾക്ക് ഏറെ പ്രയോജനപ്രദമായെന്ന് മലയോര കർഷകർ പറയുന്നു.

ഇത് പ്രാദേശികമായി ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ്. അത്യുഷ്ണം മൂലം കടലിൽ നിന്നുള്ള മേഘങ്ങൾ കരയിലേക്ക് വരുന്നതാണ് ഒരു കാരണം. അതു പോലെ ഉച്ചക്ക് ശേഷം മലയോരങ്ങളിൽ മഴ മേഘങ്ങൾ കേന്ദ്രീകരിക്കുന്നത് മഴ പെയ്യാൻ ഇടയാക്കുന്നു.

ടി.പി.പത്മനാഭൻ, സീക്ക് ഡയറക്ടർ, പരിസ്ഥിതി പ്രവർത്തകൻ