കൂത്തുപറമ്പ്:നവീകരണം നടക്കുന്ന തലശ്ശേരി- വളവുപാറ റോഡ് ലോകബാങ്ക് സംഘം സന്ദർശിച്ചു. ദ്വൈമാസ അവലോകനത്തിന്റെ ഭാഗമായാണ് വിദഗ്ദ്ധ സംഘത്തിന്റെ സന്ദർശനം. ഏപ്രിൽ അവസാനത്തോടെ നിർമ്മാണം പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർ കരാറുകാർക്ക് നിർദ്ദേശം നൽകി. തലശ്ശേരി മുതൽ മട്ടന്നൂർ കളറോഡ് വരെയുള്ള റോഡാണ് ലോകബാങ്കിന്റെ വിദഗ്ദ്ധ സംഘം പരിശോധിച്ചത്. കാലാവധി കഴിഞ്ഞിട്ടും പ്രവൃത്തി പൂർത്തിയാകാത്ത സാഹചര്യത്തിലാണ് പരിശോധന. ലോകബാങ്ക് സഹായത്തോടെ പുനർനിർമ്മിക്കുന്ന തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി.റോഡിന്റെ നവീകരണ പ്രവർത്തി നാല് വർഷം മുൻപാണ് ആരംഭിച്ചത്. ഇതിനിടയിൽ തലശ്ശേരി മുതൽ - നീർവേലി വരെയും മട്ടന്നൂർ കളറോഡ് മുതൽ വളവുപാറ വരെയുമുള്ള പ്രവൃത്തി ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. കരേറ്റ മുതൽ കളറോഡ് വരെയുള്ള പ്രവൃത്തിയാണ് അവശേഷിക്കുന്നത്. ഈ ഭാഗം ഏപ്രിൽ അവസാനത്തോടെ പൂർത്തീകരിക്കാൻ കരാറുകാരായ ദിനേശ് ചന്ദ്ര ഇൻഫ്രാൽ കോം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് വിദഗ്ദ്ധ സംഘം നിർദ്ദേശം നൽകി.

നിശ്ച്ചിതസമയത്തിനകം നിർമ്മാണം പൂർത്തീകരിക്കുമെന്ന് പ്രോജക്ട് മാനേജർ സി.മുഹമ്മദ് സലിം പറഞ്ഞു.