കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ മുന്നണി ധാരണ പ്രകാരം മേയർ സ്ഥാനം ആവശ്യപ്പെട്ട് ലീഗ് കോൺഗ്രസിന് കത്ത് നൽകി. നാളെ ചേരുന്ന ലീഗ് നേതൃയോഗത്തിൽ മേയർ സ്ഥാനാർത്ഥിയെ കുറിച്ച് തീരുമാനമാകും. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് ഡി.സി.സി പ്രസിഡന്റുമായി ലീഗ്‌നേതാക്കൾ ചർച്ച നടത്തിയിരുന്നു.
കോർപ്പറേഷനിൽ എൽ.ഡി.എഫ് ഭരണം മാറി യു.ഡി.എഫ് വന്നപ്പോൾ മേയർ സ്ഥാനം കോൺഗ്രസും ലീഗും പങ്കിടാമെന്നായിരുന്നു ധാരണ.അതു പ്രകാരം ആദ്യം കോൺഗ്രസും തുടർന്ന് ലീഗും എന്ന നിലയിൽ കോൺഗ്രസിലെ ലെ സുമാ ബാലകൃഷ്ണൻ മേയറായി.
സുമാ ബാലകൃഷ്ണൻ മേയറായി നാളെ ആറുമാസം പൂർത്തിയാവുകയാണ്. അതു പ്രകാരമാണ് ലീഗ് തങ്ങളുടെ അവസരം ആവശ്യപ്പെട്ടത്. അതേ സമയം ആറുമാസം എന്നതല്ല മറിച്ച് കാലാവധിയുടെ പകുതിവീതമാണ്‌ മേയർ പദവി പങ്കിടേണ്ടതെന്ന്‌കോൺഗ്രസ് വാദിക്കുന്നു. 2020 നവംബർ വരെയാണ് ഭരണത്തിന്റെ കാലാവധി. അപ്പോൾ ഏഴുമാസം വരെ സുമയ്‌ക്ക് തുടരാം.
കസാനക്കോട്ട വാർഡിൽ നിന്ന് വിജയിച്ച സി.സീനത്ത് ആയിരിക്കും ലീഗിന്റെ മേയർ സ്ഥാനാർത്ഥി.

ആകെയുള്ള 55 അംഗ കൗൺസിലിൽ യു.ഡി.എഫിന് 28, എൽ.ഡി..എഫിന് 27 എന്നിങ്ങനെയാണ് അംഗസംഖ്യ. യു.ഡി.എഫ് കൗൺസിലർമാരിൽ കോൺഗ്സിന് 17 അംഗങ്ങളും ലീഗിന് പത്ത് അംഗങ്ങളുമാണുള്ളത്. സ്വതന്ത്രനായ പി.കെ.രാഗേഷിന്റെ പിന്തുണ യു.ഡി.എഫിനാണ്.