കാസർകോട്: വികസന ശിൽപിയെയാണ് ജോസഫ് കനകമൊട്ടയുടെ നിര്യാണത്തോടെ മലയോരത്തിനു നഷ്ടമായത്. മലയോര ഹൈവേക്കു വേണ്ടി കറുത്ത ബാഗ് കക്ഷത്തിൽ വെച്ച് സർക്കാർ ഓഫീസുകളിലും മാധ്യമ ഓഫീസുകളിലും കയറിയിറങ്ങി കനകമൊട്ട നടത്തിയ പ്രവർത്തനങ്ങൾ ആർക്കും മറക്കാനാകാത്ത ഓർമ്മകളാണ്. ഓർമകൾ പെയ്തിറങ്ങുന്ന തീക്കനലുകൾ കോരിയിട്ടാണ് ജോസഫ് കനകമൊട്ട യാത്രയായത്.
മലയോരത്തിന്റെ വലിയ വേദന വിളിച്ചുപറഞ്ഞ ജോസഫ് കനകമൊട്ടയെ നവതിയിലെത്തിയപ്പോൾ കഴിഞ്ഞ വർഷമാണ് മലയോര ജനത ആദരിച്ചത്. കുടിയേറ്റ കർഷകനായ മാലക്കല്ല് കനകമൊട്ടയിലെ വീട്ടിൽ കുടുംബക്കാരും നാട്ടുകാരും ഒത്തുചേർന്നാണ് നവതിയാഘോഷം സംഘടിപ്പിച്ചത്. കനകമൊട്ടയുടെ പോരാട്ടജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഡോക്യുമെന്ററി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ നവതി ദിനത്തിൽ പ്രകാശനം ചെയ്തിരുന്നു.
മലയോര ഹൈവേ പദ്ധതിയെ സർക്കാർ അംഗീകരിച്ചതിന് പിന്നിൽ കനകമൊട്ടയുടെ നിശ്ചയദാർഢ്യത്തിന്റെ വിജയഗാഥയാണ്. മലയോര മണ്ണിലൂടെ ഹൈവേ വരുമെന്നും വാഹനങ്ങൾ ചീറിപ്പായുന്ന ഒരു ദിവസം ഉണ്ടാകുമെന്നും ജോസഫ് കനകമൊട്ട പറഞ്ഞിരുന്നുവെങ്കിലും അത് യാഥാർത്ഥ്യമാകുന്നത് കാണാൻ അദ്ദേഹത്തിന് കഴിയാതെയാണ് യാത്രയായിരിക്കുന്നത്. അതോടൊപ്പം തന്നെ കാഞ്ഞങ്ങാട് കാണിയൂർ റെയിൽപാത എന്ന ആശയവും കനകമൊട്ടയുടേത് ആയിരുന്നു.
1960ലാണ് കനകമൊട്ട മലയോര ഹൈവേ എന്ന ആശയം പൊതുസമൂഹത്തിനും സർക്കാരിനും മുമ്പിലേക്ക് കൊണ്ടുവന്നത്. ചിലർ അന്ന് ഈ ആശയത്തെ ചിരിച്ചുതള്ളി. മറ്റുചിലർ കളിയാക്കി. അതൊന്നും കനകമൊട്ടയെ തെല്ലും ബാധിച്ചില്ല. നിരന്തര പോരാട്ടം ഒടുവിൽ വിജയം കാണുകയായിരുന്നു.1997ൽ സർക്കാർ മലയോര ഹൈവേ പദ്ധതി അംഗീകരിച്ചു. 2005ൽ തുക വകയിരുത്തി. പിന്നീട് പണി തുടങ്ങി. കാസർകോട് ജില്ലയിലെ നന്ദാരപ്പദവ് മുതൽ തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കടുക്കര വരെ 900 കിലോമീറ്റർ നീളുന്ന മലയോരഹൈവേ.
2005ൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇരിക്കൂർ മണ്ഡലത്തിലെ പയ്യാവൂരിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. എന്നാൽ പൂർണതോതിലുള്ള നിർമാണം പിന്നെയും നീളുകയായിരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ മലയോര ഹൈവേയുടെ പ്രവർത്തനം വേഗത്തിലാവുകയായിരുന്നു. മരണത്തിന് തൊട്ടുമുമ്പ് വരെ തന്റെ കർമ്മ മേഖലയിൽ വ്യാപൃതനായിരുന്ന അദ്ദേഹത്തിന്റെ വേർപാട് നാടിന്റെ തീരാ നഷ്ടമാണ്.
സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം കോട്ടയം പാലായിൽ നിന്നും കാസർകോട് ജില്ലയിലേക്ക് സ്ഥലം മാറ്റം വാങ്ങി മലയോര പ്രദേശമായ മാലക്കല്ലിൽ സ്ഥിര താമസമാക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ കഴിഞ്ഞ ആഴ്ച കാസർകോട് വന്നപ്പോഴും വികസന കാര്യവുമായി കനകമൊട്ട കാണാൻ എത്തിയിരുന്നു.