തളിപ്പറമ്പ: വാർദ്ധക്യം തളർത്തിയ സഹോദരിമാർക്ക് പ്രളയത്തിൽ തകർന്ന വീടിന് പകരം പുതിയ വീട് നിർമ്മിച്ച് നൽകി. പട്ടുവം ഇടമുട്ടിലെ നമ്പ്രോൻ നാരായണിക്കും സഹോദരി ദാക്ഷായണിക്കുമാണ് കോൺഗ്രസ് ബ്രദർഹുഡ് പ്രവർത്തകർ സോയ ട്രസ്റ്റിന്റെ സഹായത്തോടെ വീട് നിർമ്മിച്ചു നൽകിയത്. വീടിന്റെ താക്കോൽദാനം ട്രസ്റ്റ് ചെയർപേഴ്സണും എ.ഐ.സി.സി മാദ്ധ്യമ വിഭാഗം വക്താവുമായ ഡോ. ഷമ മുഹമ്മദ് നിർവഹിച്ചു. 80 പിന്നിട്ട നാരായണിയും 65 പിന്നിട്ട സഹോദരി ദാക്ഷായണിയും പ്രളയം തകർത്ത വീട്ടിലായിരുന്നു ഇത്രയും നാൾ കഴിഞ്ഞിരുന്നത്.
നാട്ടുകാരുടെയും കോൺഗ്രസ് പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ഡോ. ഷമ മുഹമ്മദ് നാരായണിക്ക് താക്കോൽ കൈമാറി. വീടിന്റെ പാലുകാച്ചൽ കർമ്മവും നടന്നു.അഡ്വ. രാജീവൻ കപ്പച്ചേരി അദ്ധ്യക്ഷത വഹിച്ചു. ടി. പ്രദീപൻ, എം. സനീഷ്, കെ.പി. നൗഫൽ, പി.ടി. പ്രമോദ് എന്നിവർ പ്രസംഗിച്ചു.