health

നമ്മുടെ ശരീരത്തിലെ ജലാംശം കുറയുമ്പോഴാണ് മൂത്രാശയ അണുബാധ പ്രശ്നമുണ്ടാവുക. കടുത്ത വേനൽക്കാലമായതോടെ ഇതിനുള്ള സാധ്യതയും കൂടി. വൃക്കകൾ മുതൽ മൂത്രനാളം വരെയുള്ള ഭാഗങ്ങളിൽ അണുബാധ ബാധിക്കാം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് മൂത്രത്തിൽ അണുബാധ കൂടുതലായി കണ്ടു വരുന്നത്. സ്ത്രീകളിൽ പകുതി പേരും ഈ പ്രശ്നം എപ്പോഴെങ്കിലുമായി അനുഭവിക്കുന്നു.

മൂത്രം മുഴുവനായും പുറത്ത് പോവാതിരിക്കുക, മൂത്രാശയത്തിലോ വൃക്കകളിലോ ഉള്ള കല്ല്, നാഡീ സംബന്ധമായ അസുഖങ്ങൾ, പേശികളുടെ ബലക്കുറവ്, ചില ഗർഭാശയ സംബന്ധമായ അസുഖങ്ങൾ എന്നിവയൊക്കെ മൂത്രത്തിൽ അണുബാധയ്ക്ക് കാരണമാകാറുണ്ട്.

എന്നാൽ സാധാരണയായി ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുക, സമയത്ത് മൂത്രമൊഴിക്കാതെ മൂത്രം പിടിച്ചു വയ്ക്കുക, വൃത്തിക്കുറവ് തുടങ്ങിയവയാണ് അണുബാധയ്ക്ക് കാരണം. പ്രമേഹം, ആർത്തവ വിരാമത്തിനു ശേഷം ഉണ്ടാകുന്ന ഈസ്ട്രജൻ എന്ന ഹോർമോണിന്റെ അഭാവം എന്നിവയും അണുബാധയുണ്ടാക്കും.

ഗർഭ കാലത്തുണ്ടാകുന്ന മൂത്രത്തിലെ അണുബാധ ഗൗരവപൂർവ്വം ശ്രദ്ധിക്കേണ്ട ഒന്നാണ്. കൃത്യമായ വൈദ്യ പരിശോധനയും ചികിത്സയും അത്യാവശ്യമാണ്. മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന പുകച്ചിലോ വേദനയോ, മൂത്രം ഒഴിച്ചാലും ഉള്ള തൃപ്തിക്കുറവ്, അടിവയറിലെ വേദന, നടുവേദന, മൂത്രത്തിനുള്ള നിറംമാറ്റം, ദുർഗന്ധം, മൂത്രത്തിൽ രക്തം പോവുക, പനി, ഛർദ്ദി, ഓക്കാനം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ധാരാളം വെള്ളം കുടിക്കുകയെന്നത് തന്നെയാണ് ശരിയായ പ്രതിരോധ മാർഗം. കൃത്യമായ ഇടവേളകളിൽ മൂത്രം ഒഴിക്കുക, ശുചിത്വം പാലിക്കുക എന്നിവയും പ്രധാനം.

ഡോ. ശില്പ എം.വി.

വി.എം ഹോസ്പിറ്റൽ,​

ഗവ. ആശുപത്രിക്ക് സമീപം,​

മട്ടന്നൂർ.

ഫോൺ: 9846366000.