വാഹനാപകടങ്ങൾ

2018 ൽ 996

2019 ൽ 810

വാഹനാപകടമരണം

2018ൽ 128

2019ൽ 117

പരിക്കേറ്റവർ

2018ൽ 1261

2019ൽ 863

കഴിഞ്ഞവർഷം അപകടം വരുത്തിയ വാഹനങ്ങൾ

ലോറി 88 ബസ്67, 4 ചക്ര വാഹനങ്ങൾ 352, മറ്റു വാഹനങ്ങൾ 137, ഇരുചക്ര വാഹനങ്ങൾ 638

കാഞ്ഞങ്ങാട്: റോഡ് സുരക്ഷാ നിയമം കർശനമാക്കിയതോടെ കാസർകോട് ജില്ലയിൽ വാഹനാപകടങ്ങൾ കുറയുന്നതായി കണക്കുകൾ. അശ്രദ്ധമായും അലസമായും വാഹനം ഓടിക്കുന്നവർക്ക് പിടിവീണതോടെയാണ് റോഡു നിയമം പാലിക്കാതെയുള്ള ഓട്ടത്തിന് കുറവു വന്നതും അപകടങ്ങൾ കുറഞ്ഞതും. വാഹനങ്ങളുടെ പെരുപ്പത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ റോഡപകടങ്ങളിലുണ്ടായ കുറവ് ഈ രംഗത്തെ നല്ല മാറ്റത്തിന്റെ ദൃഷ്ടാന്തമായി കണക്കാക്കാം.

വലിയ വാഹനങ്ങൾ അപകടം വരുത്തുന്നത് പൊതുവേ കുറവാണെന്നും ഇരുചക്ര വാഹനങ്ങളാണ് കൂടുതൽ അപകടങ്ങൾ വരുത്തുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം 638 ഇരുചക്ര വാഹന അപകടങ്ങൾ ഉണ്ടായപ്പോൾ മറ്റു വാഹനങ്ങൾ മൂലമുണ്ടായ അപകടങ്ങൾ 644 മാത്രമാണ്. മരണത്തിലും പ്രധാന വില്ലൻ ഇരുചക്രവാഹനങ്ങളാണ്.

ഹെൽമെറ്റ് ധരിക്കാതെ തലപൊട്ടി മരിച്ചവരാണ് 90 ശതമാനവും. അശ്രദ്ധ, അപകടകരമായ വേഗം, മദ്യപിച്ച് വാഹനം ഓടിക്കൽ, ഉറക്കം, മൊബെലിൽ സംസാരിച്ചുകൊണ്ട് വാഹനമോടിക്കൽ എന്നിവയെല്ലാം വാഹനാപകടങ്ങൾക്ക് കാരണമാണ്. കാർ യാത്രികരുടെ മരണത്തിന് പ്രധാന കാരണം സീറ്റ് ബെൽറ്റ് ധരിക്കാത്തതാണ്.

മഞ്ചേശ്വരം മേഖലയിൽ കഴിഞ്ഞ വർഷമുണ്ടായ ചെറിയ ശതമാനം അപകടങ്ങൾക്ക് റോഡിന്റെ ശോച്യാവസ്ഥ കാരണമായിട്ടുണ്ട്. അലക്ഷ്യമായി റോഡിൽകൂടി നടക്കുന്നതും റോഡു മുറിച്ചു കടക്കുന്നതും കെ.എസ്.ടി.പി റോഡിലുൾപ്പെടെ കാൽനടക്കാരുടെ ദാരുണാന്ത്യത്തിന് കാരണമായിട്ടുണ്ട്. അവിടെയും ഡ്രൈവർമാരുടെ അശ്രദ്ധ മുഖ്യഘടകമാണ്. സീബ്രാലൈനിൽ റോഡ് മുറിച്ചു കടക്കുന്നവരെ പരിഗണിക്കാതെ വാഹനമോടിച്ച് കാൽനടക്കാരുടെ ജീവനപഹരിച്ച അപകടം പോലും ഉണ്ടായിട്ടുണ്ട്.

കുഞ്ഞുങ്ങൾക്ക് വാഹനം കൊടുക്കുന്ന പൊങ്ങച്ചക്കാരും ആഡംബരവാഹനങ്ങളും അപകടം വരുത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു. ബോധവൽക്കരണത്തോടൊപ്പം ശക്തമായ ശിക്ഷാനടപടികൂടി മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്ന് നടത്തിയാൽ അപകടം ഇനിയും കുറക്കാവുന്നതാണ്.