നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. നീർത്തട പരിപാലനം ജൈവകൃഷി പ്രോത്സാഹനം, മാലിന്യ സംസ്കരണം, പ്രകൃതി സൗഹൃദ പദ്ധതി എന്നിവയ്ക്കാണ് മുൻതൂക്കം കൊടുത്തിരിക്കുന്നത്.

വരൾച്ചയെ പ്രതിരോധിക്കാൻ കിണർ റീ ചാർജ്, മഴവെള്ള സംഭരണി, ജലാശയ ശുചീകരണം, കൃഷി സാർവത്രികമാക്കൽ തുടങ്ങിയവയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണ നയം കൂടി പഞ്ചായത്ത് മുന്നോട്ടുവയ്ക്കുന്നുണ്ട്.

ആരോഗ്യം, വിദ്യാഭ്യാസം, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ശാക്തീകരണം, മൃഗസംരക്ഷണ മേഖലയിലെ ശക്തമായ ഇടപെടൽ, അങ്കണവാടികൾ ശിശു സൗഹൃദമാക്കൽ, യുവജനങ്ങളുടെ കായിക ക്ഷമത വർദ്ധിപ്പിക്കൽ എന്നിവയും ലക്ഷ്യമിടുന്നു.

സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ. അനിത അദ്ധ്യക്ഷത വഹിച്ചു. ഷൈജമ്മ ബെന്നി കരട് അവതരിപിച്ചു. ഗ്രൂപ്പ് ചർച്ചയും നടന്നു.