തളിപ്പറമ്പ്: നിയമമനുസരിച്ച് പ്രവർത്തിക്കാൻ തയാറാത്ത ഉദ്യോഗസ്ഥർ ആരായാലും വീട്ടിലിരിക്കേണ്ടിവരുമെന്ന് തളിപ്പറമ്പ് നഗരസഭാ ചെയർമാൻ അള്ളാംകുളം മഹമ്മൂദ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. നഗരസഭയിലെ ഹെൽത്ത്, എൻജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ കൗൺസിൽ യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നതിനെ തുടർന്നാണ് ചെയർമാന്റെ പ്രതികരണം.

വിവാഹ രജിസ്ട്രേഷന് എത്തുന്നവരെ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുകയാണെന്ന് പ്രതിപക്ഷ കൗൺസിലർ ആരോപിച്ചു.

അവശ്യ ഘട്ടങ്ങളിൽ പകരം ചുമതല പോലും നൽകാതെ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ അവധിയിൽ പോകുന്ന സാഹചര്യമുണ്ട്. സമീപകാലത്ത് വിവാഹ രജിസ്ട്രേഷനായി എത്തിയവരോട് ആരോഗ്യ വിഭാഗം അധികൃതർ അപമര്യാദയായി പെരുമാറിയെന്ന് ഇവർ ചൂണ്ടിക്കാട്ടി. എൻജിനീയറിംഗ് വിഭാഗത്തിലും കെടുകാര്യസ്ഥതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ഹെൽത്ത് വിഭാഗത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ഭരണപക്ഷ കൗൺസിലർമാരും സൂചിപ്പിച്ചു.

വൈസ് ചെയർപേഴ്സൺ വത്സലാ പ്രഭാകരൻ, പി. കെ. സുബൈർ, രജനി രമാനന്ദ്, കെ മുരളിധരൻ, എം. ചന്ദ്രൻ, കെ. വത്സരാജൻ തുടങ്ങിയ കക്ഷി നേതാക്കളും ചർച്ചയിൽ പങ്കെടുത്തു.