കാസർകോട്: കുടിശ്ശികയുള്ള ആറുകോടിയിലധികം രൂപ നൽകാത്തതിൽ പ്രതിഷേധിച്ച് വാട്ടർ അതോറിറ്റി കരാറുകാർ സമരത്തിലേക്ക്. ബുധനാഴ്ച മുതൽ ജില്ലയിൽ പ്രവൃത്തി ബഹിഷ്‌കരണം നടത്തുമെന്ന് കേരളാ ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ കേരളാ വാട്ടർ അതോറിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

എം.എൽ.എ ആസ്തി വികസന ഫണ്ടും സ്റ്റേറ്റ് പ്ലാൻ ഫണ്ടും ഉപയോഗിച്ച് നടത്തുന്ന പ്രവർത്തികളുടെ ടെണ്ടറുകൾ ബഹിഷ്‌കരിക്കുമെന്നും അറ്റകുറ്റപ്രവർത്തികൾ നിർത്തിവയ്ക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. അനിശ്ചിതകാലത്തേക്കാണ് ബഹിഷ്‌കരണ സമരം. കരാറുകാരുടെ കുടിശ്ശിക കെട്ടിക്കിടക്കെയാണ് ഈയിടെ ലക്ഷങ്ങൾ ചെലവഴിച്ച് കിഫ്ബി എക്‌സിബിഷൻ സംഘടിപ്പിച്ചതെന്നും ഭാരവാഹികൾ ആരോപിച്ചു. വാർത്താസമ്മേളനത്തിൽ ബി.എ ഇസ്മാഈൽ, എം. അബൂബക്കർ, സിർസി അബ്ദുല്ലക്കുഞ്ഞി, എ. അബൂബക്കർ സംബന്ധിച്ചു.