പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജും ആശുപത്രി പരിസരവും ഇനി കാമറക്കണ്ണുകൾക്ക് കീഴിൽ. മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ സ്ഥാപിച്ച അത്യാധുനിക ഹൈ റെസലൂഷൻ ഐ.പി കാമറകളുടെ പ്രവർത്തനോദ്ഘാടനം പ്രിൻസിപ്പൽ ഡോ .എൻ .റോയ് നിർവഹിച്ചു.
ഗവ.മെഡിക്കൽ കോളേജ് ആയതോടെ ചികിത്സതേടി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വലിയതോതിൽ വർദ്ധിച്ചിരി ക്കുകയാണ്. ഇത്തരത്തിൽ എത്തിച്ചേരുന്നവരുടേയും വിദ്യാർത്ഥികളുടേയും ജീവനക്കാരുടേയും സുരക്ഷ പരിഗണിച്ചാണ് മെഡിക്കൽ കോളേജ് പരിസരത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചത്. ഹൈ റെസല്യൂഷൻ ഐ.പി കാമറകളാണ് എന്നതിനാൽ സാധാരണയിൽ കൂടുതൽ ദൂരത്ത് നിന്നുള്ള ദൃശ്യങ്ങളും വ്യക്തമായി കാണാൻ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്.
പരിയാരം സി.ഐ കെ.വി.ബാബു മുഖ്യാതിഥിയായി. തിരക്ക് വർദ്ധിക്കുന്നിടത്ത് കുറ്റകൃത്യങ്ങൾക്ക് സാധ്യത കൂടുതലായതിനാൽ അത്തരത്തിലെന്തെങ്കിലും ഉണ്ടായാൽ കുറ്റവാളികളെ കൈയോടെ പിടിക്കാൻ സി.സി.ടി.വി ക്യാമറകൾ സഹായകരമാവുമെന്നും അതുകൊണ്ടാണ് പൊതു ഇടമായ മെഡിക്കൽ കോളേജ് കോമ്പൗണ്ട് കാമറക്കണ്ണുകൾക്ക് കീഴിലാക്കാൻ പൊലീസ് പ്രോത്സാഹിപ്പിച്ചതെന്നും സി.ഐ കെ.വി .ബാബു പറഞ്ഞു. . മെഡിക്കൽ സൂപ്രണ്ട് ഡോ. കെ .സുദീപ്, ഡപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് (കാഷ്വാലിറ്റി) ഡോ. വിമൽ റോഹൻ, എ.ആർ.എം.ഒ ഡോ .കെ .പി .മനോജ് എന്നിവർ പങ്കെടുത്തു.