കാഞ്ഞങ്ങാട്: സാർവദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് വനിതാറാലിയും കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും നാളെ രാവിലെ നടക്കുമെന്ന് അഖിലേന്ത്യാ വർക്കിംഗ് വിമൻസ് കോഡിനേഷൻ ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പോസ്റ്റ് ഓഫീസ് മാർച്ചും പിക്കറ്റിംഗും സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി ടി.കെ രാജൻ ഉദ്ഘാടനം ചെയ്യും.
എല്ലാവർക്കും തൊഴിൽ ലഭ്യമാക്കുക, തൊഴിലാളികൾക്ക് മിനിമം വേതനവും തുല്യ വേതനവും ഉറപ്പുവരുത്തുക, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയുക, കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പുവരുത്തുക, തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് മൂന്നിലൊന്നു സംവരണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തുന്നത്. വാർത്താസമ്മേളനത്തിൽ വി.വി പ്രസന്നകുമാരി, പി. ശാന്തകുമാരി, കെ.വി രാഗിണി, കെ.വി രാഘവൻ, ഓമന തുടങ്ങിയവർ പങ്കെടുത്തു.