കാഞ്ഞങ്ങാട്: ബാങ്കിൽ അടയ്ക്കാൻ ഏൽപ്പിച്ച പണവുമായി ഡ്രൈവർ മുങ്ങി. നിട്ടടുക്കം മാരിയമ്മ ക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന കണിപുരം ഹോൾസെയിൽ ഐസ്‌ക്രീം ഷോപ്പ് ഡ്രൈവർ മംഗലാപുരം സ്വദേശി പ്രശാന്താണ് കർണാടക ബാങ്കിൽ അടക്കാൻ ഷോപ്പ് അക്കൗണ്ടന്റ് ഉഷ ഏൽപ്പിച്ച 82,000 രൂപയുമായി കടന്നു കളഞ്ഞത്.
ഫെബ്രുവരി 17 ന് രാവിലെ 10 മണിയോടെയാണ് പ്രശാന്ത് പണമടയ്ക്കാൻ ബാങ്കിലേക്ക് പോയത്. വരേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടർന്ന് ഫോൺ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഫെബ്രുവരി അഞ്ചു മുതലാണ് പ്രശാന്ത് സ്ഥാപനത്തിൽ ഡ്രൈവറായി ജോലിക്ക് എത്തിയത്. ബാങ്കിൽ പോകാൻ ഉപയോഗിച്ച ബൈക്ക് കാഞ്ഞങ്ങാട് നഗരത്തിൽ ഉപേക്ഷിച്ചാണ് പ്രശാന്ത് സ്ഥലം വിട്ടത്.
കടയുടെ പാർട്ണർമാരായ സന്തോഷും ശങ്കരനാരായണനും ഇയാളെ മംഗലാപുരത്തെ വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനെ തുടർന്ന് അക്കൗണ്ടന്റ് ജി.എസ്. ഉഷ ഹോസ്ദുർഗ് പൊലീസിൽ പരാതി നല്കി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.