കണ്ണൂർ: ക്ഷീരകർഷകർക്ക് സമഗ്ര ഇൻഷ്വറൻസ് പദ്ധതിയുമായി ക്ഷീര വികസന വകുപ്പ്. 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ഷീര കർഷകരുടെയും കുടുംബത്തിന്റെയും സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ക്ഷീരസാന്ത്വനം എന്ന പേരിൽ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നത്. കേരള ക്ഷീര കർഷക ക്ഷേമനിധി, മേഖല സഹകരണ ക്ഷീരോത്പാദക സഹകരണ സംഘങ്ങൾ എന്നിവരുടെ സംയുക്ത സംരംഭമായിട്ടാണ് പദ്ധതി. സംസ്ഥാനത്തെ പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളിൽ പാൽ നൽകുന്ന കർഷകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും, കറവ മാടുകൾക്കും, സംഘം ജീവനക്കാർക്കും പദ്ധതിയിൽ ഇൻഷ്വർ ചെയ്യാം. ആരോഗ്യ സുരക്ഷ പോളിസി, അപകട സുരക്ഷ പോളിസി, ലൈഫ് ഇൻഷ്വറൻസ് പോളിസി, ഗോസുരക്ഷ പോളിസി എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് പദ്ധതി ആനുകൂല്യങ്ങൾ ലഭ്യമാകുക. ഓൺലൈൻ ആയാണ് പദ്ധതിയിലേക്ക് അപേക്ഷ നൽകേണ്ടത്. പോളിസിയിൽ ചേരുന്നത് മുതൽ ക്ലെയിം തീർപ്പാക്കൽ വരെ ഓൺലൈൻ വഴിയാണ് നടപ്പിലാക്കുക.

ആദ്യം ചേരുന്ന 25000 കർഷകർക്ക് മുൻഗണനയുണ്ടാകും. പതിനെട്ടു മുതൽ എൺപതു വയസുവരെയുള്ള കർഷകർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകും. അപകട മരണത്തിന് ഏഴു ലക്ഷം രൂപ വരെ പരമാവധി ഇൻഷ്വറൻസ് പരിരക്ഷയും ഉണ്ട്.
പദ്ധതിയുടെ വിവരങ്ങൾ ലഘുലേഖ മുഖേന കർഷകരിലെത്തിക്കും. പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് ഇൻഷ്വറൻസ് തിരിച്ചറിയൽ കാർഡും വിതരണം ചെയ്യും. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തല ക്ഷീര വികസന യൂണിറ്റ് ഓഫീസുമായോ ജില്ലാതല ക്ഷീര വികസന ഓഫീസുമായോ ബന്ധപ്പെടാം.