കാസർകോട് :സമൂഹം നേരിടുന്ന ചില അടിയന്തര പ്രശ്നങ്ങൾക്ക് വിദ്യാർത്ഥികളിൽ കൂടി പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമും ചേർന്ന് റീബൂട്ട് കേരള ഹാക്കത്തോൺ 2020 നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക് വിവിധ സർക്കാർ വകുപ്പുകളിലെ കാര്യനിർവഹണത്തിൽ പങ്കാളിയാകാനുള്ള അവസരം ഇതുവഴി ലഭിക്കും.
എല്ലാ ആഴ്ചയിലെയും വെള്ളി ശനി ഞായർ ദിവസങ്ങളിലായാണ് 10 ഹാക്കത്തോണുകളും സംഘടിപ്പിക്കുക. തിരഞ്ഞെടുക്കപ്പെട്ട ടീമുകൾ വ്യാഴാഴ്ച വൈകുന്നേരം ഹാക്കത്തോൺ വേദിയിൽ ഹാജരാകണം. വെള്ളിയാഴ്ച രാവിലെ 8.30ന് ആരംഭിക്കുന്ന ഹാക്കത്തോൺ തുടർച്ചയായ 36 മണിക്കൂറുകൾക്ക് ശേഷം ശനിയാഴ്ച രാത്രി 8.30ന് അവസാനിക്കും.
അസാപ് സ്‌റ്റേറ്റ് കോ ഓർഡിനേറ്റർ ടി.വി.ഫ്രാൻസിസ്, അസാപ് ജില്ലാ പ്രോഗ്രാം മാനേജർ രാഹുൽ വി. മോഹൻ, പ്രോഗ്രാം മാനേജർമാരായ സി. ആർ. സുനീഷ്, കെ. കെ. പ്രജിത്ത്എന്നിവർ പങ്കെടുത്തു