കണ്ണൂർ: ട്രെയിൻ ഇറങ്ങി സ്റ്റേഷനിൽ നിന്നും പുറത്തേക്ക് വരികയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കൊള്ളയടിച്ച് പണവും മൊബൈൽ ഫോണും കവർന്നു. രാജസ്ഥാൻ സ്വദേശി യു.പി. സിംഗ് (29) ന്റെ 18,000 രൂപയും 15,000 രൂപ വിലവരുന്ന മൊബൈൽഫോണുമാണ് കവർച്ച ചെയ്തത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
കണ്ണൂരിലെ നിർമ്മാണ തൊഴിലാളിയായ യു.പി. സിംഗ് നാട്ടിൽ പോയി തിരിച്ച് കണ്ണൂരിലെത്തിയതായിരുന്നു. റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി കിഴക്കെ കവാടത്തിലൂടെ പുറത്തേക്ക് വരുന്നതിനിടെ ഇരുട്ടിൽ പതിയിരുന്ന കവർച്ചക്കാർ ചാടിവീണ് ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോണും പാന്റസിന്റെ പോക്കറ്റിലുണ്ടായിരുന്ന പണമടങ്ങിയ പേഴ്‌സും തട്ടിപ്പറിച്ചത്.തുടർന്ന് യു.പി. സിംഗ് ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.