കൂത്തുപറമ്പ്:മാങ്ങാട്ടിടം പഞ്ചായത്തിലെ അയ്യപ്പൻതോട് പാലം കൈവരികൾ തകർന്ന് അപകടാവസ്ഥയിലായി. നിരവധി ബസുകളടക്കം കടന്നുപോകുന്ന കൂത്തുപറമ്പ്- വേങ്ങാട് റൂട്ടിലെ പ്രധാന പാലങ്ങളിലൊന്നാണിത്.
പാലത്തിന്റെ മറ്റ് ഭാഗങ്ങളിലും വിള്ളൽ വീണിട്ടുണ്ട്. വിമാനത്താവളം യാഥാർത്യമായതോടെ തലശ്ശേരി, കൂത്തുപറമ്പ് ,മമ്പറം ഭാഗങ്ങളിൽ നിന്നടക്കമുള്ള നിരവധി വാഹനങ്ങളാണ് അയ്യപ്പൻ തോട് പാലത്തിന് മുകളിലൂടെ കടന്നുപോകുന്നത്. അതോടൊപ്പം കൂത്തുപറമ്പ്- വേങ്ങാട് -കണ്ണൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ഇരുപതോളം ബസുകളും ഇതുവഴിയാണ് പോകുന്നത്. റോഡ് നവീകരിച്ചതോടെ അമിത വേഗതയിലാണ് ഇതുവഴി വാഹനങ്ങൾ കടന്നു പോകുന്നത്. പാലത്തിന്റെ അപകടാവസ്ഥ സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ല. മഴക്കാലത്ത് തോട്ടിൽ കുത്തൊഴുക്കുമുണ്ടാകും.