പാനൂർ: പാനൂർ നഗരസഭ ഇന്നലെ ചേർന്ന റിവിഷൻ കമ്മിറ്റി യോഗത്തിൽ കേളായി കനക തീർഥം റോഡുംഅണിയാരം ശിവക്ഷേത്രം മുട്ടും കാവ് റോഡും അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കാൻ ധാരണയായി.

നഗരസഭയിലെ മിക്ക റോഡുകളും പൊട്ടി തകർന്ന അവസ്ഥയിലായതിനാൽ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി പരിശോധിച്ച് ഫണ്ട് വിനിയോഗിക്കണമെന്ന് കൗൺസിലർമാർ പറഞ്ഞു.

ഏറ്റവും കൂടുതൽ തകർന്നുകിടക്കുന്ന കൊച്ചിയങ്ങാടിയിലെ റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന് കൗൺസിലർ വി.കെ.മനോജ് ആവശ്യപ്പെട്ടു.. മൂന്നു വർഷങ്ങളായി തന്റെ വാർഡിൽ ഒരു റോഡിനു പോലും ഫണ്ട് നല്കിയില്ലെന്നായിരുന്നു കൗൺസിലർ സുനിതയുടെ ആരോപണം..വാർഡ്സഭ നിർദ്ദേശിച്ച പല റോഡുകളും മാറ്റിവെക്കുന്നതാണ് നഗരസഭയിലെ പതിവെന്നും അവർ ആരോപിച്ചു.

ഫണ്ടിൽ ബാക്കിയുള്ള ആറു ലക്ഷത്തോളം രൂപ പൊതു റോഡുകൾക്കായി മാറ്റിവെക്കുമെന്നായിരുന്നു കൗൺസിലർമാരുടെ ഇടപെടലിന് ചെയർപേഴ്സൺ ഇ.കെ.സുവർണ്ണയുടെ മറുപടി. മേക്കുന്ന്, പി.എച്ച് സിയിലേക്ക് മരുന്ന് വാങ്ങിക്കുന്നതിന് എച്ച്.എം.സി യിൽ നിന്നും പതിനായിരം രുപ നല്കുമെന്നും അവർ പറഞ്ഞു.