എസ്റ്റിമേറ്റ് 31 കോടി രൂപ.

കിളച്ചിട്ടിരിക്കുന്ന ഭാഗങ്ങൾ

പാലാത്തടം ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാമ്പസ് പരിസരം

കൂവാറ്റി പാലത്തിന്റെ ഇരുഭാഗങ്ങളിലുമുള്ള കയറ്റം

കൂവാറ്റി യു.പി.സ്ക്കൂൾ പരിസരം

നീലേശ്വരം: ഇടത്തോട് റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതിന്റെ ഭാഗമായി റോഡ് കിളച്ചിട്ടിട്ട് ആറുമാസം. സ്കൂൾ കുട്ടികളടക്കമുള്ള യാത്രക്കാരും പരിസരവാസികളും പൊടിശല്യത്തിൽ വീർപ്പുമുട്ടുന്നു.

കൂവാറ്റി ഭാഗങ്ങളിൽ റോഡിന്റെ കയറ്റവും വീതിയും കൂട്ടുന്നതിനാൽ ഒരു ഭാഗത്തുണ്ടായ വൈദ്യുതി തൂണുകൾ ഇപ്പോൾ റോഡിന്റെ നടുഭാഗത്ത് എത്തിയിരിക്കയാണ്. അതുകൊണ്ട് തന്നെ ഈ ഭാഗങ്ങളിൽ അപകടം നടക്കുന്നതും പതിവായിരിക്കയാണ്.

പാലാത്തടം വളവു മുതൽ ഇടിചൂടി തട്ടു വരെ റോഡ് കിളച്ചിട്ടതിനാൽ ഈ ഭാഗങ്ങളിലുള്ള പൊടി മുഴുവൻ പാറുന്നത് തൊട്ടടുത്ത വിദ്യാർത്ഥിനികളുടെ ഹോസ്റ്റലിലേക്കാണ്. പൊടി പാറാതിരിക്കാൻ താൽക്കാലിക സംവിധാനമെന്നോണം ടാർ പായ കെട്ടിയിട്ടുണ്ടെങ്കിലും പൊടിശല്യത്തിനു കുറവൊന്നുമില്ല. ഇതിനെതിരേ വിദ്യാർത്ഥിനികൾ പൊതുമരാമത്ത് അധികൃതർക്ക് പരാതി നൽകിയിരിക്കയാണ്. ഉച്ചസമയങ്ങളിലാണ് പൊടി ശല്യം ഏറെ രൂക്ഷമാകുന്നത്.

റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി പുത്തരിയടുക്കം, ഇടിചൂടി, ചായ്യോത്ത് എന്നിവിടങ്ങളിൽ കൾവർട്ട് പണിയുന്നുണ്ടെങ്കിലും ഇവിടെയും പണി ഇഴഞ്ഞുനീങ്ങുകയാണ്. ഇടയ്ക്കിടെ വെള്ളം തളിക്കുകയെങ്കിലും ചെയ്താൽ പൊടിശല്യത്തിന് തെല്ലൊരാശ്വാസമാകുമെന്നാണ് നാട്ടുകാർ പറയുന്നു.

റോഡ് പൊട്ടിപ്പൊളിച്ച ഭാഗങ്ങളിൽ പണി തീർക്കാൻ കരാറുകാരനോട് പറഞ്ഞിട്ടുണ്ട്. കരാറുകാരന്റെ അനാസ്ഥയാണ് പണി നീണ്ടുപോകാൻ കാരണം.

പൊതുമരാമത്ത് അസിസ്റ്റന്റ്

എക്സി. എൻജിനീയർ പ്രകാശ്

പൊടിശല്യം കാരണം വിദ്യാർത്ഥിനികളുടെ ഹോസ്റ്റൽ കെട്ടിടം ടാർപായ കൊണ്ട് മറച്ച നിലയിൽ