കാസർകോട്: കാനഡയിൽ സ്ഥിര ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് എട്ട് പേരിൽ നിന്നായി 2.11 ലക്ഷം രൂപ വീതം തട്ടിയെടുത്തെന്ന പരാതിയിൽ യുവതി ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസെടുത്തു. ഉളിയത്തടുക്ക ഹിദായത്ത് നഗറിലെ ജെറിൻ ജോർജി(22)ന്റെ പരാതിയിൽ കർണാടക പുത്തൂർ സ്വദേശിനി അനൂപ മേരി (25), മുംബൈ സ്വദേശി അഷ്ഫാഖ് നിസാർ കിരാണി (29) എന്നിവർക്കെതിരെയാണ് കാസർകോട് ടൗൺ പൊലീസ് കേസെടുത്തത്. കാനഡയിൽ സ്ഥിര ജോലിയും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്തതോടെ 2018 ഒക്ടോബർ 18നാണ് ജെറിൻ ജോർജ് പണം നൽകിയത്. ആദ്യം രണ്ട് ലക്ഷം രൂപയും പിന്നീട് 11,000 രൂപയും ബേങ്ക് വഴി നൽകുകയായിരുന്നു. ഇതിന് ഈടായി രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൊറിയർ വഴി നൽകിയിരുന്നു. പിന്നീട് യാതൊരു വിവരവുമില്ലാത്തത് കാരണം ബാങ്കിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ജെറിൻ ജോർജിന്റെ സുഹൃത്തുക്കളായ ഷെബിൻ, ജിസ്മോൻ, ഇർഷാദ്, ഉനൈസ്, സഞ്ജുലാൽ, വിൻസ് അമേസ, പ്രജ്വൽ എന്നിവരിൽ നിന്ന് പണം തട്ടിയതായും പരാതിയിൽ പറയുന്നു.