കാസർകോട്: ചേരൂരിൽ ഡ്രെയിനേജ് മണ്ണിട്ട് മൂടിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ ജില്ലാ പഞ്ചായത്ത് യോഗത്തിലേക്ക് ഇരച്ചുകയറി. ഇന്നലെ രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറിന്റെ അദ്ധ്യക്ഷതയിൽ യോഗം ആരംഭിക്കുന്നതിനിടെയാണ് ഒരു സംഘം ഹാളിലേക്ക് ഇരച്ചുകയറിയത്. ഇവരെ അനുനയിപ്പിക്കാൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാനവാസ് പാദൂർ അടക്കമുള്ളവർ ശ്രമിച്ചു. പിന്നീട് പ്രതിഷേധക്കാരെ പുറത്താക്കി വാതിലടച്ച് യോഗം തുടരുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. ഡ്രൈനേജ് മൂടിയതോടെ സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുമെന്നാണ് നാട്ടുകാർ പറയുന്നത്.