പയ്യന്നൂർ: നിർത്തിയിട്ട ചരക്കുവണ്ടികൾക്കിടയിൽ അപകടകരമായ വിധത്തിൽ നൂണിറങ്ങി മൂന്നും നാലും പ്ളാറ്റ്ഫോമിലേക്ക് പോകേണ്ടിവരുന്ന പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെ പതിവ് മേൽപ്പാലം പൂർത്തിയായിട്ടും തെറ്റിയില്ല. എം.എൽ.എ, നഗരസഭ ഫണ്ടുകൾ ഉപയോഗിച്ച് പാലം നിർമ്മിച്ചത് തന്നെ നിരന്തരമായ മുറവിളികൾക്കൊടുവിലായിരുന്നു.
കിഴക്ക് ഭാഗത്ത് നിന്നും സ്റ്റേഷനിലേക്ക് വരുന്ന യാത്രക്കാർക്ക് പ്രയാസം കൂടാതെ സ്റ്റേഷനിലേക്ക് എത്തുന്നതിനാണ് രണ്ടാം ഫ്ലാറ്റ്ഫോമിൽ അവസാനിച്ചിരുന്ന മേൽപ്പാലം കിഴക്ക് വശം മമ്പലം ഭാഗത്തേക്ക് കൂടി ദീർഘിപ്പിച്ചത്.മേൽപാലം നിർമ്മാണം ആറുമാസം മുമ്പ് പൂർത്തിയാക്കിയിരുന്നു. ഇതിലേക്ക് എത്തിച്ചേരേണ്ടുന്ന കോൺക്രീറ്റ് റോഡിന്റെ നിർമ്മാണം രണ്ടാഴ്ചക്ക് മുമ്പും പൂർത്തിയായി. മേൽപാലത്തിലേക്ക് റോഡിൽ നിന്ന് കയറാൻ മൂന്ന് പടികൾ മാത്രമാണ് ഇനി പൂർത്തിയാക്കാനുള്ളത്.
പയ്യന്നൂർ ടൗണിൽ നിന്ന് വാഹനങ്ങളിലും കാൽനട യാത്രയായും എളുപ്പത്തിൽ സ്റ്റേഷനിൽ എത്തിച്ചേരാൻ കഴിയുന്നത് കിഴക്ക് വശത്ത് കൂടിയാണ്. ഇവിടെ യാത്രക്കാർക്ക് ടിക്കറ്റെടുക്കാനും മറ്റുമായി ഏറെ കടമ്പകൾ കടന്നു വേണം ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തുവാൻ. മൂന്നും നാലും ട്രാക്കിൽ മിക്കവാറും സ്ഥിരമായി എഫ്.സി.ഐ.ഗോഡൗണിലേക്കുള്ള ചരക്കുവണ്ടികൾ നിർത്തിയിട്ടുണ്ടാകും. ഫ്ലാറ്റ്ഫോമിലേക്ക് എത്തിച്ചേരാൻ മറ്റുവഴികളില്ലാത്തതിനാൽ മിക്ക യാത്രക്കാരും ജീവൻ പണയം വച്ച് ചരക്ക് വണ്ടികൾക്കടിയിലൂടെ നൂണുകയറിയാണ് മറുഭാഗം കടക്കുന്നത്. അങ്ങനെ കടന്നാൽ തന്നെയും അഞ്ചടിയോളം ഉയരമുള്ള രണ്ടാം നമ്പർ ഫ്ലാറ്റ് ഫോമിൽ കയറിപ്പറ്റാൻ ഏറെ പ്രയാസപ്പെടണം. പ്രായമായവർക്ക് പ്രത്യേകിച്ചും .
ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനാണ് സ്റ്റേഷന്റെ കിഴക്ക് ഭാഗത്തേക്ക് മേൽപാലം ദീർഘിപ്പിക്കണമെന്ന ആവശ്യം ശക്തമായത്.
സമ്മർദ്ദം ശക്തിപ്പെട്ടപ്പോഴാണ് ഫണ്ട് നൽകിയാൽ പാലം നിർമ്മിച്ച് തരാമെന്നും കിഴക്ക് ഭാഗത്ത് പാർക്കിംഗിന് സൗകര്യം ഒരുക്കാമെന്നും നഗരസഭയെ റെയിൽവേ അറിയിച്ചത്.
എസ്റ്റിമേറ്റ് തയ്യാറാക്കാൻ നഗരസഭ രണ്ട് ലക്ഷവും നിർമ്മാണത്തിനായി ആറുലക്ഷവും നൽകിയപ്പോൾ സി. കൃഷ്ണൻ എം.എൽ.എ. 85 ലക്ഷവും നൽകി. ഇതേ തുടർന്ന് രണ്ടാം പ്ലാറ്റ്ഫോമിൽ അവസാനിച്ചിരുന്ന മേൽപ്പാലം
23 മീറ്റർ നീളത്തിൽ കിഴക്ക് ഭാഗത്തേക്ക് ദീർഘിപ്പിച്ചു.നടപ്പാലത്തിൽ നിന്ന് നിലവിലുള്ള മമ്പലം റോഡ് വരെ മൂന്ന് മീറ്റർ വീതിയിൽ കോൺക്രീറ്റ് റോഡും പൂർത്തിയായി.
തലനാരിഴയ്ക്ക് രക്ഷപ്പെട്ടു കഴിഞ്ഞദിവസവും
കണ്ടങ്കാളി സ്വദേശിയായ പിതാവും മകനും കഴിഞ്ഞ ദിവസം രാത്രിയിൽ ഭാഗ്യവും സമീപത്തുണ്ടായിരുന്നവരുടെ മനസാന്നിദ്ധ്യവുമൊന്നുകൊണ്ട് മാത്രമാണ് ചരക്കുവണ്ടിക്കടിയിൽ ചതഞ്ഞരയാതെ രക്ഷപ്പെട്ടത്. രാത്രി 7.30 ഓടെ പയ്യന്നൂർ സ്റ്റേഷനിൽ ഒന്നാം നമ്പർ ഫ്ലാറ്റ്ഫോമിൽ
ഇറങ്ങിയ ഇവർ മൂന്നാം നമ്പർ ട്രാക്കിൽ നിർത്തിയിട്ട ചരക്കുവണ്ടിക്കടിയിൽ പെടേണ്ടതായിരുന്നു. അപ്പുറം കടക്കുവാനായി രണ്ടാം നമ്പർ ഫ്ലാറ്റ്ഫോമിന് താഴെ ഇറങ്ങുമ്പോൾ ഗുഡ്സ് ട്രെയിൻ മുന്നോട്ട് നീങ്ങി.ബഹളം വച്ച മറ്റ് യാത്രക്കാർ ഇരുവരെയും ട്രാക്കിൽ നിന്ന് ഫ്ലാറ്റ് ഫോമിലേക്ക് വലിച്ച് കയറ്റിയാണ് രക്ഷപ്പെടുത്തിയത്.കഴിഞ്ഞ ദിവസം തന്നെ മറ്റൊരു യാത്രക്കാരിക്കും ഇതേ അനുഭവമുണ്ടായതായി നാട്ടുകാർ പറഞ്ഞു.
പാലം നിർമ്മിച്ചത് റെയിൽവേ
ഫണ്ട് നൽകിയത്
എം.എൽ.എ 85
നഗരസഭ- 8 ലക്ഷം (2ലക്ഷം എസ്റ്റിമേറ്റ് അടക്കം)
നിർമ്മാണചിലവ് : 94ലക്ഷം
മമ്പലം ഭാഗത്തേക്ക് നീട്ടിയത് :23 മീറ്റർ
ബൈറ്റ്
നിർമ്മാണം പൂർത്തിയായെന്ന് കാട്ടി റെയിൽവേയുടെ അറിയിപ്പ് ലഭിച്ചാൽ മാത്രമെ മേൽപാലത്തിന്റെ ഉദ്ഘാടനം നടത്താൻ സാധിക്കുകയുള്ളു. പലതവണ ഇതിനായി ബന്ധപ്പെട്ടിട്ടുണ്ട്.ഒരാഴ്ചക്കുള്ളിൽ അറിയിപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ പാർക്കിംഗിനുള്ള ഭാഗം ബ്ളോക്ക് ചെയ്തിട്ടുണ്ടെങ്കിലും നേരത്തെ റെയിൽവേ നൽകിയ വാക്ക് പാലിക്കുമെന്നാണ് പ്രതീക്ഷ - അഡ്വ.ശശി വട്ടക്കൊവ്വൽ, പയ്യന്നൂർ നഗരസഭ ചെയർമാൻ