ബാർ അസോസിയേഷൻ ഹാൾ വിട്ടുകൊടുത്തു

കാസർകോട്: ജില്ലയ്ക്ക് അനുവദിച്ച പോക്‌സോ കോടതി കാഞ്ഞങ്ങാട്ട് പ്രവർത്തനം തുടങ്ങും. ഹൊസ്ദുർഗ് കോടതി സമുച്ചയത്തിലെ ബാർ അസോസിയേഷൻ ഹാളിലാണ് കോടതി പ്രവർത്തനം ആരംഭിക്കുക. കോടതിക്കായി ഹാൾ താൽക്കാലികമായി വിട്ടുകൊടുക്കാൻ ബാർ അസോസിയേഷൻ തീരുമാനിച്ചു.

ഹാൾ വിട്ടുകൊടുത്തതിനെ തുടർന്ന് കോടതി മുറിയായി പ്രവർത്തിക്കാനുള്ള സൗകര്യങ്ങളൊരുക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെത്തി എസ്റ്റിമേറ്റ് തയ്യാറാക്കി. ഈമാസംഅവസാനത്തോടെ കോടതിയുടെ പ്രവർത്തനം ആരംഭിക്കാനാണ് ധാരണ.

കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികപീഡനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പുതുതായി 28 പോക്‌സോ കോടതികളാണ് അനുവദിച്ചത്. ഇതിലൊന്ന് കാസർകോട് ജില്ലയിൽ സ്ഥാപിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

കാഞ്ഞങ്ങാട് പൊലീസ് സബ് ഡിവിഷൻ പരിധിയിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന പോക്‌സോ കേസുകൾ എല്ലാം പുതിയ കോടതി ആയിരിക്കും പരിഗണിക്കുക. കേസുകൾ എളുപ്പത്തിൽ തീർപ്പു കല്പിക്കാനും ശിക്ഷാവിധി നടപ്പിലാക്കാനും ഇതിലൂടെ കഴിയുമെന്ന് നിയമവൃത്തങ്ങൾ പ്രതീക്ഷിക്കുന്നു. പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്നതിനു പുറമേ അഡ്‌ഹോക്ക് കോടതിയുടെ ചുമതലയും കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റിന് നൽകിയേക്കുമെന്ന് നിയമവൃത്തങ്ങൾ പറഞ്ഞു.

പോക്സോ കേസുകൾ നിലവിൽ

കാസർകോട് കോടതിയിൽ

നിലവിൽ കാസർകോട് ജില്ലാ അഡീ. സെഷൻസ് (ഒന്ന്) കോടതിയുടെ കീഴിലാണ് പോക്‌സോ കോടതി പ്രവർത്തിക്കുന്നത്. ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട വിചാരണയും മറ്റ് നടപടിക്രമങ്ങളും ഈ കോടതിയിലാണ് നടന്നുവരുന്നത്. വലിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിനാൽ ഈ കോടതിയിൽ പോക്‌സോ കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്.

ജില്ലയിലെ ആദ്യത്തെ പോക്‌സോ കോടതി കാഞ്ഞങ്ങാട് വരുന്നത് എന്തുകൊണ്ടും ഉചിതമാണ്. അത് മനസ്സിലാക്കിയാണ് കോടതി എളുപ്പം ആരംഭിക്കുന്നതിന് ബാർ അസോസിയേഷൻ ഹാൾ വിട്ടു കൊടുക്കാൻ തീരുമാനിച്ചത്. ഹാളിനകത്ത് കോടതി പ്രവർത്തിപ്പിക്കാനുള്ള സൗകര്യങ്ങൾ വേഗത്തിൽ ഏർപ്പെടുത്തുകയാണ്.


അഡ്വ. കെ.സി. ശശീന്ദ്രൻ, പ്രസിഡന്റ്, ഹോസ്ദുർഗ് ബാർ അസോസിയേഷൻ