കാസർകോട്: അധികാരികളെയും ജനങ്ങളെയും ഉണർത്താൻ വിഖ്യാത ശിൽപി കാനായി കുഞ്ഞിരാമന്റെ വിപ്ലവ ശിൽപം ഒരുങ്ങുന്നു.

എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രതീകമായി കാസർകോട് ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിലെ പുൽത്തകിടിയിലാണ് അമ്മയും കുഞ്ഞുങ്ങളും എന്ന വിപ്ലവ ശിൽപം ഒരുങ്ങുന്നത്. പത്തു വർഷമായി മുടങ്ങിക്കിടന്ന ശിൽപത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കാനായി കുഞ്ഞിരാമൻ നേരിട്ടെത്തിയിട്ടുണ്ട്.

കാസർകോട്ട് ക്യാമ്പ് ചെയ്ത് മൂന്നുമാസത്തിനകം ശിൽപത്തിന്റെ നിർമ്മാണം തീർക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കാനായി കുഞ്ഞിരാമൻ 'കേരള കൗമുദി'യോട് പറഞ്ഞു. ഫണ്ട് അനുവദിക്കുകയാണെങ്കിൽ വിപ്ലവ ശിൽപത്തിന് അനുബന്ധമായി മറ്റൊരു ശിൽപം കൂടി പണിയണമെന്ന ആഗ്രഹവും കാനായി പ്രകടിപ്പിച്ചു.

"ഇത്രയും കാലം ഗർഭിണിയായിരുന്നു. മാസം തികഞ്ഞില്ല പ്രസവിക്കാൻ. ഇപ്പോൾ പ്രസവിക്കാൻ സമയമായിരിക്കുന്നു. വൈകിയതിന് അത്രയും കരുതിയാൽ മതി. ഇനി കുറച്ചു മിനുക്കിയെടുക്കണം. ഷെയ്‌പ് ഉണ്ടാക്കിയെടുക്കണം.

ബംഗളുരുവിൽ ഐ.എസ്.ആർ. ഒ യുടെ ശിൽപനിർമ്മാണം നിറുത്തിവെച്ചാണ് ഇങ്ങോട്ടു വന്നത്. അങ്ങിനെ ഒരുപാട് വർക്കുണ്ട്. തിരക്കു കാരണം എല്ലാം പൂർത്തിയാക്കാൻ കഴിയുന്നില്ല. രണ്ടോ മൂന്നോ മാസം കൊണ്ട് ഇതുതീർക്കാൻ കഴിയുമെന്നാണ് കരുതുന്നത്. മലമ്പുഴയിലും മറ്റും യക്ഷിയുടെ ശിൽപം നിർമ്മിച്ചത് പ്രകൃതിയുടെ പ്രതീകമായി ആളുകളെ രസിപ്പിക്കാൻ വേണ്ടിയാണ്. ഇതൊരു വിപ്ലവ ശിൽപമാണ്. അവിടെ ഒരു ശിൽപം കൂനിയിരിക്കുന്നത് കണ്ടോ. രാഷ്ട്രീയം കൊണ്ടും മതം കൊണ്ടും രക്ഷയില്ല, ഇനി എന്താ ചെയ്യാ ..എന്നാണ് ചിന്തിക്കുന്നത്." കാനായി പറഞ്ഞു. 38 മീറ്റർ നീളവും വീതിയുമുള്ള കരിങ്കൽ കൊണ്ടുവരാൻ പറ്റാത്തതിനാൽ കോൺക്രീറ്റിലാണ് ശിൽപം പൂർത്തിയാക്കുന്നത്.

ശിൽപത്തിന് 11 വർഷത്തെ പഴക്കം

എൻഡോസൾഫാൻ ദുരന്ത സ്മാരകമായി ദുരിതബാധിതയായ അർദ്ധനഗ്ന രൂപത്തിലുള്ള അമ്മയും കുഞ്ഞുമാണ് ശിൽപത്തിന്റെ മാതൃക. 11 വർഷം മുമ്പ് കോൺക്രീറ്റിൽ പണിയാൻ തുടങ്ങിയ ശിൽപം പകുതിയായപ്പോൾ നിലച്ചു പോയതാണ്. അതിൽ പിന്നീട് കാസർകോട്ട് വന്നില്ല. ജില്ലാ പഞ്ചായത്ത് ഭരണാധികാരികൾ എല്ലാവരും ശിൽപം ഒന്ന് ഒരുങ്ങിക്കിട്ടാൻ കാനായിയെ പ്രതീക്ഷയോടെ കാക്കുകയായിരുന്നു.

തോന്നയ്‌ക്കലിൽ മഹാകവി കുമാരനാശാന്റെ പ്രതിമ നിർമ്മാണം കഴിഞ്ഞയുടനെ കാനായി എത്തുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. എംവി ബാലകൃഷ്ണൻ പ്രസിഡന്റായിരുന്ന കാസർകോട് ജില്ലാ പഞ്ചായത്താണ് 20 ലക്ഷം രൂപ ചെലവിൽ കാനായിയുടെ കരവിരുതിൽ ശിൽപം ഒരുക്കാൻ തീരുമാനമെടുത്തത്. 2009 ൽ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. 10 ലക്ഷം രൂപ ജില്ലാ പഞ്ചായത്തും 10 ലക്ഷം രൂപ സംഭാവനയായും കണ്ടെത്താനായിരുന്നു ധാരണ.