കാസർകോട്: അധോലോക നായകൻ രവി പൂജാരി ഉൾപ്പെട്ട ബേവിഞ്ച ആദ്യവെടിവെപ്പ് കേസിന്റെ വിചാരണാ നടപടി ക്രമങ്ങൾ ജില്ലാ അഡീഷണൽ സെഷൻസ് (മൂന്ന്) കോടതിയിൽ ആരംഭിച്ചു. ബേവിഞ്ചയിലെ പൊതുമരാമത്ത് കരാറുകാരൻ എം.ടി മുഹമ്മദ് കുഞ്ഞിയുടെ വീടിനുനേരെ 2010 ൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലാണ് വിചാരണ നടക്കുന്നത്. വാഹനത്തിലെത്തിയ സംഘം മുഹമ്മദ് കുഞ്ഞിയുടെ വീടിനുനേരെ വെടിയുതിർത്ത ശേഷം തിരിച്ചുപോകുകയായിരുന്നു. വെടിവെപ്പിൽ ആർക്കും പരിക്കേറ്റിരുന്നില്ല.
ഈ കേസിൽ അന്വേഷണം നടത്തിയ പൊലീസ് അബ്ദുൾ റഷീദ്, ബി.ഉമ്മർ, വി.അബൂബക്കർ, യൂസഫ് സിയാദ്, നൂർഷാ എന്നിവരെയാണ് അറസ്റ്റുചെയ്തത്. രവി പൂജാരിയുടെ അനുയായിയായ കലി യോഗേഷ് ആണ് വെടിവെപ്പിന് ക്വട്ടേഷൻ നൽകിയതെന്ന് അറസ്റ്റിലായ പ്രതികൾ പൊലീസിനോട് സമ്മതിച്ചിരുന്നു. എന്നാൽ വ്യക്തമായ തെളിവ് ലഭിക്കാതിരുന്നതിനാൽ രവി പൂജാരിയെ കേസിൽ പ്രതി ചേർത്തിരുന്നില്ല.
കർണ്ണാടക പൊലീസിന്റെ കസ്റ്റഡിയിലുള്ള രവി പൂജാരി, ബേവിഞ്ചയിലെ എം.ടി മുഹമ്മദ് കുഞ്ഞിയുടെ വീടിനു നേരെ 2010 ലും 2013ലും നടന്ന വെടിവെപ്പിനു പിന്നിൽ താനാണെന്ന് സമ്മതിച്ച സാഹചര്യത്തിൽ പൂജാരിയെ രണ്ടുകേസുകളിലും പ്രതിചേർക്കുമെന്ന് കാസർകോട് എത്തിയ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി പറഞ്ഞിരുന്നു.