തലശ്ശേരി: മഹാഗുരുവിന്റെ ജീവിതവും ചിന്തകളും അടുത്തറിയാൻ താൽപര്യപ്പെടുന്നവർക്കായി കലർപ്പേതുമില്ലാതെ ഈ ദർശനങ്ങൾ അവതരിപ്പിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്ന ഒരിടമുണ്ട് കതിരൂരിൽ.
കതിരൂർ സൂര്യനാരായണ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ശ്രീ നാരായണ ഗുരു സ്മാരക മന്ദിരമാണ് ഈ മാതൃകാ സ്ഥാപനം.
ഗുരുവിന്റെ തെളിഞ്ഞ മനസ്സും സമഭാവനയുടെ ഹൃദയവിശാലതയും ഈ മന്ദിരത്തിൽ കണ്ണാടി കണക്കെ പ്രതിഫലിക്കുന്നു. അക്ഷരമായ അറിവിന്റെ അവതാരമാണ് ഗുരുവെന്ന് ബോധ്യപ്പെടുത്തുന്നു.ഗുരുവചനങ്ങളൊന്നും വിട്ടു കളയാതെ പ്രവൃത്തിയിലൂടെ ആവിഷ്കരിക്കപ്പെടുകയാണിവിടം.സ്വാമി ശാശ്വതീകാനന്ദയാണ് ഇവിടെ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചത്.ഗുരുവിന്റെ ജീവിതകാലത്തെ വ്യത്യസ്ത പ്രതിഷ്ഠകളെ ഓർമ്മിപ്പിച്ച് കളവങ്കാട്ടെ പ്രണവ (കണ്ണാടി) പ്രതിഷ്ഠ യും മുരുക്കുംപുഴയിലെ 'ഓം സത്യം ധർമ്മം ദയ ശാന്തി' എന്നെഴുതിയ പ്രഭയുടേയും കാരമുക്ക് ക്ഷേത്രത്തിലെ ദീപപ്രതിഷ്ഠയുമെല്ലാം ഗുരുപ്രതിമക്ക് ചുറ്റിലുമുണ്ട്.
സത്യം ഒന്നു മാത്രമേയുള്ളൂ, അസത്യമായത് പലതും സത്യമായി പ്രചരിപ്പിക്കപ്പെടുകയാണ്, ശിവലിംഗം, ശില തന്നെയാകുന്നു, അതിൽ ശിൽപ്പിയുടെ കലയല്ലാതെ മറ്റൊന്നുമില്ല എന്ന് അർത്ഥമുള്ള ശ്ലോകം ഉമ്മറ വാതിൽക്കൽ തന്നെയുണ്ട്.
ഗുരുവചനം അനുസരിച്ച് ആദ്ധ്യാത്മികം ജീവകാരുണ്യം, വിദ്യാഭ്യാസം, പരസ്പര സഹായ സഹകരണം, തുടങ്ങിയ സമസ്ത മേഖലകളിലും മന്ദിരത്തിന്റെ പ്രവർത്തനം എത്തുന്നു. വിദ്യ കൊണ്ട് സ്വതന്ത്രരാകുവിൻ എന്നതടക്കമുള്ള വചനങ്ങളുടെ പൊരുളറിഞ്ഞ് ഗുരുപ്രതിമക്ക് ചുറ്റിലുമായി മഠത്തിന്റെ മൂന്ന് ഭാഗത്തും മൂവായിരത്തോളം വിലപ്പെട്ട പുസ്തക ശേഖരമുള്ള ഗ്രന്ഥാലയവും വായനശാലയും പ്രവർത്തിക്കുന്നു. അംഗൻവാടിയും മോണ്ടിസോറി സ്‌കൂളും പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും കമ്പ്യൂട്ടർ ട്രെയിനിംഗ് സെന്ററുമൊക്കെ ഇവിടെയുണ്ട്.
വിവാഹമടക്കമുള്ള ആഘോഷ ചടങ്ങുകൾക്കുള്ള മുഴുവൻ വാടക സാധനങ്ങളും ഏറ്റവും മിതമായ നിരക്കിൽ ഇവിടെ ലഭ്യമാണ്. സാമാന്യം വലിയ തോതിൽ നടക്കുന്ന ഒരു കല്യാണത്തിന്റെ വാടക സാധനങ്ങൾ കേവലം പതിനയ്യായിരം രൂപക്ക് ലഭിക്കും. കാറ്ററിംഗ് സർവ്വീസും എസ്.എൻ.ജി.എസ്. എന്ന പേരിൽ വനിതകളുടെ ടീം നടത്തി വരുന്നുണ്ട്.
പി.പി. കൃഷ്ണൻ നമ്പ്യാർ വൈദ്യരുടെ സ്മരണക്കായി നിർമ്മിച്ച കല്ല്യാണ മണ്ഡപത്തിൽ ഗുരുവീക്ഷണത്തിലുള്ള വിവാഹങ്ങൾ നടന്നുവരുന്നു.
കതിരൂർ പോലീസ് സ്റ്റേഷനടുത്ത് ആറ് സെന്റ് വാങ്ങിയാണ് മഠം സ്ഥാപിച്ചത്.പരേതരായ ഗോപാലൻ ഗുരിക്കൾ, വരക്കാത്ത് കൃഷണൻ, കെ.ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഇത്. പ്രൊഷണൽ കോഴ്സുകളിലേക്ക് കതിരൂർ പഞ്ചായത്തിലെ നിർദ്ധന വിദ്യാർത്ഥികളെ മഠം സ്‌പോൺസർ ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒൻപത് വർഷമായി വിദ്യാർത്ഥികൾക്ക് സൗജന്യ ട്യൂഷനും നൽകുന്നു.ഞായറാഴ്ചകളിൽ നടക്കുന്ന കരിയർ ഗൈഡൻസ് ക്‌ളാസും പ്രസംഗ പരിശീലനവും വേറെ.
മഠത്തിന് കീഴിൽ കതിരവൻ സാന്ത്വന ചാരിറ്റബിൾ സൊസൈറ്റി ആഴ്ച തോറും ഗൃഹസന്ദർശനം ,ആരോഗ്യക്യാമ്പ്, സൗജന്യമരുന്നുവിതരണം എന്നിവയുമായി സജീവമാണ്. ഗുരുമന്ദിരത്തിന്റെ പേരിൽ ആംബുലൻസ് സർവ്വീസുമുണ്ട്.
ഗുരു സൂക്തങ്ങൾ, ഗുരുവിന്റെ സഞ്ചാരപഥങ്ങൾ, ജനനം തൊട്ട് സമാധി വരെയുള്ള സംഭവബഹുലമായ ജീവിത മുഹൂർത്തങ്ങൾ അടങ്ങിയ ചിത്രപരമ്പരയും ഇവിടെയുണ്ട്.
ചതയം, സമാധി, തുടങ്ങിയ വേളകളിൽ നടത്തുന്ന കലാപരിപാടികളിലും മറ്റും മാപ്പിള കലകളടക്കം നടത്തിവരാറുണ്ട്. ഗ്രാമസഭകൾ ചേരുന്നതും ഇവിടെ ഗുരുസന്നിധിയിലാണ്.
1985 ജൂലായ് 15ന് ഗുരു മന്ദിരത്തിന്റെ തുടക്കം മുതൽ ഇന്നേവരെ മുരിക്കോളി രവീന്ദ്രനാണ് ഈ സ്ഥാപനത്തിന്റെ പ്രസിഡന്റ്. ഗുരുവിനെ അറിയാൻ ധാരാളം വിദ്യാർത്ഥികളും, മറുനാട്ടുകാരും ഇവിടെ വന്നെത്തുന്നത് പതിവാണ്. ഗുരുവിനെ അറിയാൻ ഒന്ന് ഇവിടേക്ക് വന്നുപോയാൽ മാത്രം മതി.