കണ്ണൂർ: ഓട്ടിസം ബാധിച്ചവർ വീടിന്റെ ചുമരുകൾക്കുള്ളിൽ ഒതുങ്ങിജീവിക്കണമെന്ന ധാരണയുടെ തിരുത്തെഴുത്താണിവൾ. തൃശ്ശൂർ ചെമ്പൂക്കാവ് സ്വദേശി വി. എസ്. രമേശിന്റെയും സുജാതയുടെയും മകളായ പൂജ. ഈ പെൺകുട്ടിയുടെ പാട്ട് കേട്ടവരെല്ലാം തലകുലുക്കി സമ്മതിക്കുന്നു വലിയൊരു ഭാവി ഇവളെ തേടിവരുമെന്ന കാര്യത്തിൽ.

കഴിഞ്ഞ മാസം കൊച്ചിയിൽ നടത്തിയ സംഗീതകച്ചേരിയിലൂടെ ആസ്വാദകരെ വിസ്മയിപ്പിച്ചിരുന്നു പൂജ. മൂന്നാം വയസ്സിൽ ഓട്ടിസം കീഴ്പ്പെടുത്തിയപ്പോൾ വലിയ തകർച്ചയുടെ മുന്നിലായിരുന്നു മാതാപിതാക്കൾ. എന്നാൽ അവരുടെ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ചാണ് പൂജ സംഗീതലോകത്തേക്ക് കടന്നുകയറിയത്. ഒന്നിനോടും പ്രതികരിക്കാതെയും ഒരു വാക്ക് പോലും മിണ്ടാതെയും കഴി‌ഞ്ഞിരുന്ന പൂജ ഒരു ദിവസം വളരെ യാദൃച്ഛികമായി താൻ കേട്ട സംഗീതത്തെ പിന്തുടരുന്നത് മാതാപിതാക്കളെ പോലും അത്ഭുതപ്പെടുത്തി. അവളുടെ വഴി സംഗീതമാണെന്ന് തോന്നിയ മാതാപിതാക്കൾ ഗുരു കൃഷ്ണഗോപിനാഥിനെ സമീപിച്ചു. തൃശ്ശൂർ മോഡൽ ഗേൾസ് ഹൈസ്കൂൾ പഠനവും ഒപ്പം ഓട്ടിസം സൊസൈറ്റിയും ചേർന്ന് നടത്തുന്ന പരിശീലന പരിപാടിയിലുമെല്ലാം ചേർന്നതോടെ പൂജ സംഗീതക്കച്ചേരിയിൽ ശരിയ്ക്കും താരമായി.

അമേരിക്കയിലെ സർവ്വകലാശാലകളിൽ നിന്നു പരിശീലനം നേടിയ ഇന്ത്യയിലെ ആദ്യത്തെ വോക്കോളജിസ്റ്റും തൃശ്ശൂരിലെ ചേതന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും സംഗീതജ്ഞനുമായ ഫാ. പോൾ പൂവത്തിങ്കലുമായുള്ള കൂടിക്കാഴ്ചയാണ് പൂജയുടെ ജീവിതത്തിൽ വഴിത്തിരിവായത്. പൂജയിലെ ഗായികയെ തിരിച്ചറിഞ്ഞ ഫാ. പോൾ ചേതന മ്യൂസിക് കോളേജിലെ സംഗീതവിഭാഗം മേധാവിയും പ്രശസ്ത സംഗീതജ്ഞനുമായ നാരായണൻ ദേശമംഗലത്തിനു കീഴിൽ പൂജയെ സംഗീതം പഠിക്കാനായി ചേർത്തു. തുടർന്ന് മദ്രാസ് സർവ്വകലാശാലയിൽ നിന്നും സംഗീതത്തിൽ ബിരുദവും നേടി..

ത്യാഗരാജ സ്വാമികളുടെ മദ്ധ്യമാവതിയിലെ നഗുമോ എന്നു തുടങ്ങുന്ന കീർത്തനം ആലപിച്ചാണ് കഴിഞ്ഞ മാസം രാമമംഗലത്ത് നടന്ന ഒന്നര മണിക്കൂർ നീണ്ട കച്ചേരി പൂജ അവസാനിപ്പിച്ചത്. വെല്ലുവിളികളെ അവസരങ്ങളായി കാണാനുള്ള മനസ്സും പ്രോൽസാഹിപ്പിക്കാൻ കുടുംബവുമുണ്ടെങ്കിൽ എന്തിനെയും കീഴടക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ഈ മിടുക്കി.

കഴിഞ്ഞ വർഷം നവംബറിലാണ് ചേതന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലൈവ് ഓർക്കസ്ട്രയോടൊപ്പം പൂജ പൂങ്കുയിലേ എന്ന പാട്ടു പാടുന്നത്.അതു കേൾക്കാൻ സംഗീത സംവിധാനം നിർവഹിച്ച ഔസേപ്പച്ചനും ഉണ്ടായിരുന്നു. ഔസേപ്പച്ചനും അദ്ധ്യാപകരും പൂജയുടെ സംഗീതം കേൾക്കുന്ന എല്ലാവരും ഈ കുട്ടിയുടെ കഴിവ് കണ്ട് അത്ഭുതപ്പെട്ടു. ഇപ്പോൾ ചെറുതും വലുതുമായ ഒട്ടേറെ വേദികളിൽ പൂജ പാടുന്നുണ്ടെങ്കിലും കർണാടിക് സംഗീതമാണ് പ്രിയം. അണ്ണാമലൈ സർവ്വകലാശാലയിൽ എം. എ സംഗീതത്തിന് റജിസ്റ്റർ ചെയ്തിരിക്കുകയാണ് പൂജ.

മകൾക്ക് എത്ര പ്രോൽസാഹനം നൽകാനും ഞങ്ങൾ തയ്യാറാണ്.ഓട്ടിസം എന്ന അവസ്ഥയുടെ പരിമിതികൾ മനസ്സിലാക്കി മകൾക്ക് വേണ്ട എല്ലാ പിന്തുണയും നൽകുന്നുണ്ട്. പിന്നെ ഓരോ കച്ചേരിക്കു പോകുമ്പോഴും നല്ല ചെലവുമുണ്ട് -

വി. എസ്. രമേശ്, പൂജയുടെ അച്ഛൻ