കണ്ണൂർ:കണ്ണൂർ കോർപ്പറേഷന്റെ വാർഷിക പദ്ധതിക്ക് അംഗീകാരം നൽകുന്നതിന് വേണ്ടി വിളിച്ചു ചേർത്ത അടിയന്തര കൗൺസിൽ യോഗത്തിലും ഭരണ, പ്രതിപക്ഷ തർക്കം.വികസന സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ അവതരിപ്പിക്കാത്ത ഇനങ്ങൾ ഇന്നലത്തെ യോഗത്തിൽ ഉൾപ്പെടുത്തിയെന്നാരോപിച്ച് പ്രതിപക്ഷ കൗൺസിലർമാർ രംഗത്തുവന്നതാണ് ബഹളത്തിന് ഇടയാക്കിയത്. ഭരണം നഷ്ടപ്പെട്ടതിലുള്ള വിഭ്രാന്തി മാറാതെ പ്രതിപക്ഷം അനാവശ്യമായി പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നായിരുന്നു ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷിന്റെ കുറ്റപ്പെടുത്തൽ.
പദ്ധതി ഭേദഗതി സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. പ്രതിപക്ഷത്തിന്റെ ആരോപണത്തെ പ്രതിരോധിച്ച് അഡ്വ.ടി.ഒ.മോഹനനും രംഗത്തുവന്നു.
പ്രതിഷേധം തുടരുന്നതിനിടെ തന്നെ വിനോദസഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാന നഗരങ്ങളിലെന്ന പോലെ കണ്ണൂർ ജില്ലയിലും രാത്രി വ്യാപാരത്തിനും വിനോദത്തിനും സൗകര്യമുണ്ടാക്കണമെന്ന സംസ്ഥാന സർക്കാറിന്റെ കത്ത് മേയർ കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്തി. വിശാലമായ കാർ പാർക്കിംഗ് സൗകര്യം, കുട്ടികൾക്കും സ്ത്രീകൾക്കും വിനോദ സഞ്ചാരികൾക്കുമെല്ലാം ഒരു പോലെ കടന്നുചെല്ലാനും പോകുവാനുമുള്ള തരത്തിലായിരിക്കണം പദ്ധതിയൊരുക്കേണ്ടതെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശമായിരുന്നു ഇത്.
കണ്ണൂർ പയ്യാമ്പലം, കാൽടെക്‌സ് എന്നിവിടങ്ങൾ നവീകരിക്കുകയും മട്ടന്നൂർ വിമാനത്താവളത്തിലെത്തുന്നവരെ ലക്ഷ്യമിട്ട് താഴെചൊവ്വയിലെ ദേശീയ പാതയോരത്തെ തട്ടുകട ഒഴിപ്പിച്ച് ഷോപ്പിംഗ് മാൾ നിർമ്മിക്കുന്നതും നിർദേശത്തിലുണ്ടെന്ന് മേയർ അറിയിച്ചു. എറമുള്ളാൻ, സി. സമീർ, ടി. രവീന്ദ്രൻ, വെള്ളോറ രാജൻ എന്നിവരും യോഗത്തിൽ സംസാരിച്ചു.
അർബൻ പി.എച്ച്.സിക്കെതിരെയുള്ള പരാതിയിൽ പരിഹാരം ഉടൻ:മേയർ
പടന്ന തയ്യിൽ മൈതാനപ്പള്ളിയിലെ അർബൻ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ രോഗികൾക്ക് ആവശ്യമായ ചികിത്സയും മരുന്നും ലഭിക്കില്ലെന്ന പരാതിയിൽ ഉടൻ പരിഹാരം കാണുമെന്ന് മേയർ സുമാ ബാലകൃഷ്ണൻ പറഞ്ഞു . പരാതി വിശദമായി പരിശോധിക്കുകയും എച്ച്.എം.സി (ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി) വിപുലമായി വിളിച്ച് ചേർത്തിട്ടുണ്ടെന്നും മേയർ അറിയുച്ചു.സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള തയ്യിൽ, മരക്കാർകണ്ടി, നീർചാൽ, കുറുവ, അവേര, കടലായി എന്നിവിടങ്ങളിലുള്ളവരാണ് ഇവിടെ ആശ്രയിക്കുന്നത്. രാവിലെ 9 മുതൽ വൈകീട്ട് ആറ് വരെ പരിശോധന ഉണ്ടെന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഡോക്ടമാർ വൈകീട്ട് നാലിന് മുൻപ് പരിശോധന നിർത്തും. ഇതോടെ വൈകിയെത്തുന്നവർ സ്വകാര്യ ആശുപത്രികളിലേക്ക് മടങ്ങുകയാണ് പതിവ്. നൂറ് ടോക്കൺ വീതം രാവിലെയും ഉച്ചയ്ക്ക് ശേഷവും പരിശോധിക്കാമെന്നിരിക്കെ ഉച്ചയ്ക്ക് ശേഷം 70ലേറെ രോഗികളെ പരിഗണിക്കാറില്ല. മരുന്നില്ലെന്നും കോർപ്പറേഷൻ ഫണ്ട് ലഭിക്കാനുണ്ടെന്നും വാദിച്ച് രോഗികളെ അകറ്റാനാണ് ശ്രമമെന്നുമാണ് ആരോപണം