കൊട്ടിയൂർ: പന്ന്യാംമലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടയിൽ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയ കർഷകൻ മേൽപ്പനാംതോട്ടത്തിൽ ആഗസ്തിക്ക് നാടിന്റെ യാത്രാമൊഴി.ആഗസ്തിയുടെ മൃതദേഹം ഇന്നലെ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് സംസ്‌കരിച്ചത്. ചുങ്കക്കുന്ന് ഫാത്തിമ മാതാ പള്ളി വികാരി ഫാദർ വിൻസെന്റ് കളപ്പുര, കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പളളി വികാരി ഫാദർ വർഗീസ് മുളകുടിയാങ്കൽ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്‌കാര ശുശ്രൂഷകൾ നടന്നത്.

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വ്യാഴാഴ്ച രാത്രി ഏഴരയോടെ കൊട്ടിയൂർ കണ്ടപ്പുനത്തെ മകന്റെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽ പെട്ട നൂറുകണക്കിനാളുകളാണ് അന്തിമോപചാരമർപ്പിച്ചത്.ഇന്നലെ രാവിലെ 10 മണിയോടെ വീട്ടിൽ സംസ്‌കാര ശുശ്രൂഷകൾ ആരംഭിച്ചു.11 മണിയോടെ കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ എത്തിച്ച മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു.അഡ്വ.സണ്ണി ജോസഫ് എം.എൽ.എ,​ സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, കർഷക സംഘം ജില്ലാ പ്രസിഡന്റ് പനോളി വത്സൻ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.ജി.പത്മനാഭൻ, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വി.ഷാജി, ഡി.സി.സി സെക്രട്ടറിമാരായ ബൈജു വർഗീസ്, പി.സി.രാമകൃഷ്ണൻ, അഡ്വ.ജയ്‌സൺ തോമസ്, കേരള കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ് ജോർജ്ജുകുട്ടി ഇരുമ്പുകുഴി, സി.പി.എം പേരാവൂർ ഏരിയാ സെക്രട്ടറി അഡ്വ.എം.രാജൻ, കർഷക സംഘം പേരാവൂർ ഏരിയാ പ്രസിഡന്റ് എം.എസ്.വാസുദേവൻ, ബി.ജെ.പി.ജില്ലാ സെക്രട്ടറി കെ.ജയപ്രകാശ് തുടങ്ങി ഒട്ടേറെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.