തലശേരി: ദീപപ്രഭയിൽ കുളിച്ചു നിന്ന ശ്രീ ജഗന്നാഥ ക്ഷേത്രസന്നിധിയിൽ ആയിരങ്ങളെ സാക്ഷി നിർത്തി പറവൂർ രാകേഷ് തന്ത്രികൾ ഉത്സവത്തിന് കൊടിയേറ്റി. ഭക്തിവിശ്വാസം വഴിഞ്ഞൊഴുകിയ അന്തരീക്ഷത്തിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് കൊടിയേറ്റം നടന്നത്.
ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ.കെ.സത്യൻ, ഡയറക്ടർമാരായ അഡ്വ: കെ.അജിത്കുമാർ, സി.ഗോപാലൻ, കണ്ട്യൻ ഗോപി ,കെ.കെ.പ്രേമൻ, എൻ.വി.രാജീവൻ, പി.രാഘവൻ, വി.കെ.കുമാരൻ, കല്ലൻ ശിവനാഥ്, തുടങ്ങിയ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ നടന്ന കൊടിയേറ്റിന് പിന്നാലെ ആകാശത്ത് വിസ്മയം വിരിയിച്ച് വമ്പിച്ച കരിമരുന്ന് പ്രയോഗവുമുണ്ടായി. അർദ്ധരാത്രിയിൽ നടന്ന എഴുന്നള്ളത്തിലും നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ഇന്ന് വൈകിട്ട് 7 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം അഡ്വ.എ.എൻ.ഷംസീർ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സ്വാമി ശിവബോധാനന്ദ അനുഗ്രഹഭാഷണം നടത്തും.വയനാട് ജില്ലാ ജഡ്ജ് ബൈജു നാഥ് സംസാരിക്കും.
എഴുന്നള്ളത്തിന് ശേഷം പിന്നണി ഗായിക അനിത ഷെയ്ക്കും സംഘവും ഒരുക്കുന്ന ഫോക്ക് ആന്റ് സൂഫി സംഗീത രാവ് അരങ്ങേറും.