പയ്യന്നൂർ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പയ്യന്നൂരിൽ 108 അംഗനമാർ മോഹിനിയാട്ട ചുവടു വെക്കും. ഇന്ന് വൈകിട്ട് 6.30ന് ഗവ.ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയത്തിലായിരിക്കും ശത മോഹിനിമാർ ലാസ്യലയ മോഹനസന്ധ്യ തീർക്കുന്നത്. അന്നൂർ കലാമണ്ഡപമാണ് സംഗമത്തിന് അരങ്ങൊരുക്കുന്നത്.

പയ്യന്നൂർ നഗരസഭ, കേരള സർക്കാർ സാംസ്കാരിക വകുപ്പ് , ജനമൈത്രി പോലീസ്, വനിത ശിശു വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് നാട്യവിസ്മയം അരങ്ങേറുന്നത്. പയ്യന്നൂർ നഗരസഭയിലെ നർത്തകിമാർ, കേരള സർക്കാർ സാംസ്കാരികവകുപ്പിന്റെ ഫെല്ലോഷിപ്പോടുകൂടി നഗരസഭയുടെ നാല് സാംസ്കാരിക കേന്ദ്രങ്ങളിൽ കഴിഞ്ഞ ഒരു വർഷമായി കലാമണ്ഡലം ഡയറക്ടർ എ.കെ.അപർണയുടെ ശിക്ഷണത്തിൽ പരിശീലനം നേടിയ ശേഷമാണ് ശതമോഹിനിയിൽ അണിനിരക്കുന്നത്.

ആറ് മുതൽ 60 വയസ്സുവരെയുള്ള വനിതകൾ ഒരേ സമയം ഒരേ മനസ്സോടെ ഏകതാളത്തിൽ കലാവേദിയെ സമ്പന്നമാക്കുമ്പോൾ അത് പയ്യന്നൂരിന്റെ ചരിത്രമാവുകയാണ്.

പൂർണ്ണമായും വനിതാ സാന്നിധ്യമാണ് രംഗാവതരണത്തിന്റെ പ്രത്യേകത . നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ പതിക്കുന്നതും പരിപാടിയുടെ പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുന്നതും പ്രചാരണം നടത്തുന്നതും വനിതകൾ തനിച്ചാണ്.

മോഹിനിയാട്ടം പരിപാടി സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.