കൊട്ടിയൂർ: മലയോര ജനതയെ ഭീതിയിലാഴ്ത്തി കൊട്ടിയൂരിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന ആക്രമണം രൂക്ഷമായി തുടരുന്നു. കണ്ടപ്പുനം സ്വദേശി കിഴക്കേക്കര സജിയുടെ ഇരുപതോളം വാഴകളാണ് കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം നശിപ്പിച്ചത്. സ്വകാര്യവ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത തോട്ടത്തിലാണ് കാട്ടാനനാശം വിതച്ചത്.അമ്പായത്തോട്ടിൽ കാട്ടാനയിറങ്ങി കൊട്ടിയൂർ സ്വദേശി അഞ്ചേരി മാത്യുവിന്റെ കൃഷിയിടത്തിലെ രണ്ട് തെങ്ങുകൾ കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ചിരുന്നു.വൈദ്യുത വേലി തകർത്താണ് ആനകൾ കൃഷിയിടത്തിലേക്ക് ഇറങ്ങിയത്.

കൊട്ടിയൂർ പാലുകാച്ചിയിലും കാട്ടാനയിറങ്ങി. ഒറ്റപ്ലാവ് സ്വദേശികളായ വളവനാൽ ഷാജി, തുണ്ടിയിൽ ജോർജ് എന്നിവരുടെ ആയിരത്തിലധികം വരുന്ന കുലച്ച വാഴകളാണ് കാട്ടാനകൾ നശിപ്പിച്ചത്.തുടർച്ചയായ ദിവസങ്ങളിൽ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് പിൻമാറാതെ കാട്ടാനകൾ ഭീതി വിതയ്ക്കുമ്പോൾ പരിഹാരം കാണാൻ കഴിയാതെ നിസ്സഹായരായി നിൽക്കുകയാണ് പ്രദേശവാസികൾ.

പടം :കണ്ടപ്പുനത്ത് ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ച നിലയിൽ