health

ബദാം ആരോഗ്യസംരക്ഷണത്തിന് പലരും ഉപയോഗിക്കുന്നുണ്ട്. കൊളസ്‌ട്രോൾ കുറയ്ക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാനും ബുദ്ധി വളർച്ചയ്ക്കുമെല്ലാം ബദാം കഴിക്കുന്നു. എന്നാൽ ഇതിന്റെ ശരിയായ പ്രധാന്യത്തെ കുറിച്ചോ ഗുണങ്ങളെ കുറിച്ചോ ഉപയോഗിക്കുന്ന പലർക്കും അറിവില്ലെന്നുള്ളതാണ് വസ്തുത. വൈറ്റമിൻ ഇ, ഫൈബർ, പ്രോട്ടീൻ, മഗ്‌നീഷ്യം, കാത്സ്യം, അയൺ, പൊട്ടാസ്യം എന്നിവയൊക്കെ ബദാമിൽ ധാരാളം അടങ്ങിയിരിക്കുന്നു. വൈറ്റമിൻ ഇക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ഉണ്ട്. ഇത് ചീത്തകൊളസ്‌ട്രോൾ കുറയ്ക്കാനും നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്. മഗ്‌നീഷ്യം തലച്ചോറിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നു.

ഹൃദയാരോഗ്യത്തിലും ബദാം ഗുണകരം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. വൈറ്റമിൻ ഇ ധാരാളമടങ്ങിയതിനാൽ ചർമ്മസംരക്ഷണത്തിനും സഹായകരമാണ്. ചർമ്മത്തിൽ തിളക്കവും മൃദുത്വവും നല്കുന്നതോടൊപ്പം ചുളിവുകൾ വീഴുന്നത് തടയുന്നു. ഭക്ഷണത്തോടുള്ള ആ‍ർത്തിയില്ലാതാക്കുന്നതും ബദാമിനെ പൊണ്ണത്തടിക്കാർക്ക് പ്രിയങ്കരമാക്കുന്നു.

എന്നാൽ ഇതൊക്കെ പറയുമ്പോഴും ബദാം കഴിക്കുമ്പോഴും ചില ശ്രദ്ധ നല്കേണ്ടതുണ്ട്. സാധാരണ ഉണക്കിയ ബദാമാണ് നമുക്കു ലഭിയ്ക്കുന്നത്. ഉണക്കിയ ബദാം അതേപടി കഴിയ്ക്കുന്നത് അത്ര നല്ലതല്ല. ദഹന പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത് കൊണ്ടാണ് അങ്ങനെയൊരു അഭിപ്രായം. ബദാം തൊലിയ്ക്കു കട്ടി കൂടുതലാണ്. ഇത് വെള്ളത്തിലിട്ടു കുതിർത്തി കഴിയ്ക്കുന്നതാണ് ഉചിതമെന്ന് പറയുന്നതും അതുകൊണ്ടുതന്നെ. രാത്രി മുഴുവൻ വെള്ളത്തിലിട്ടു കുതിർത്ത്ബദാം കഴിക്കുന്നത് ഇതുകാരണമാണ്.

ബദാം പാലിൽ ചേർത്ത് കഴിക്കുന്നത് പുരുഷ വന്ധ്യതയ്ക്ക് ഗുണകരമാണ്. കുട്ടികൾക്ക് പാലിൽ ബദാംപൊടി കലക്കി കൊടുക്കുന്നത് ഓർമ ശക്തിയ്ക്കും ബുദ്ധിയ്ക്കുമെല്ലാം നല്ലതാണ്. ഗർഭിണികളോടും കുതിർത്ത ബദാം കഴിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. തേനിൽ കലർത്തി ബദാം കഴിക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

ഡോ. ത്രിജിൽ കൃഷ്ണൻ ഇ.എം,
അസി. പ്രൊഫസർ,
PNNM ആയുർവേദ
മെഡിക്കൽ കോളേജ്,
ചെറുതുരുത്തി, തൃശൂർ.

ഫോൺ: 9809336870.