ചാവശേരി: ജൈവ കാബേജ് കൃഷിയിൽ കനത്ത വിളവെടുത്ത് ചാവശേരിയിലെ കുടുംബശ്രീ പ്രവർത്തകർ. ചാവശേരി നവഭാവന കുടുംബശ്രീയുടെ കീഴിലുള്ള ധനശ്രീ ജെ.എൽ.ജി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് മണ്ണോറയിൽ 50 സെന്റ് സ്ഥലത്ത് കൃഷിയിറക്കിയത്.
ഇരിട്ടിയിൽ നിന്ന് കാബേജ് തൈ കൊണ്ടുവന്ന് തരിശായി കിടന്ന സ്ഥലത്ത് നടുകയായിരുന്നു. ജൈവ രീതിയായ ചാണകവും പിണ്ണാക്കും ആവശ്യത്തിന് നൽകിയാണ് കൃഷിയിൽ നൂറ് മേനി വിളയിച്ചിരിക്കുന്നത്. കുടുംബശ്രീ പ്രവർത്തകരായ വി.ദേവി, പി. രോഹിണി, എം.കെ.റഹീമ, പി.ഷൈമ എന്നിവർ ചേർന്നാണ് തരിശായി കിടന്ന സ്ഥലത്ത് കൃഷിയിറക്കിയത്. കാബേജിന് പുറമെ വെള്ളരി, ചീര, പയർ, പൊട്ടിക്ക, വെണ്ട തുടങ്ങിയ പച്ചക്കറി കൃഷികളും ഇറക്കിയിരുന്നു.
കാബേജിന്റെ വിളവെടുപ്പ് ഇരിട്ടി നഗരസഭ ചെയർമാൻ പി.പി.അശോകൻ ഉദ്ഘാടനം ചെയ്തു. വി.ദേവി, പി. രോഹിണി, എം.കെ.റഹീമ, പി.ഷൈമ തുടങ്ങിയവർ പങ്കെടുത്തു.