തളിപ്പറമ്പ് :പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മേന്മ തുറന്നു കാട്ടി തളിപ്പറമ്പ് മണ്ഡലം എജ്യുഫെസ്റ്റ്. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകൾ ഹൈടെക് ആകുമ്പോൾ അതിലൂടെ വിദ്യാർഥികൾ സ്വായത്തമാക്കിയ കഴിവുകൾ കൂടി ഉൾപ്പെടുന്നതായിരുന്നു പ്രദർശനത്തിലെ ഓരോ സ്റ്റാളും.
ഇരിങ്ങൽ യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് കുട്ടികളുടെ ഡിജിറ്റൽ വായന സ്റ്റാൾ ഏറെ ശ്രദ്ധേയമായി. എൽ സി ഡി പ്രൊജക്ടറിന്റെ സഹായത്തോടെ പാഠഭാഗത്തെ ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിക്കുകയായിരുന്നു ഇതിൽ. സ്റ്റാൾ കാണുവാനും അഭിനന്ദിക്കുവാനും വിദ്യാഭ്യാസമന്ത്രി കൂടി എത്തിയതോടെ കുരുന്നുകൾക്ക് ആവേശമായി. ഭിന്നശേഷി കുട്ടികൾക്കായി സമഗ്ര ശിക്ഷ കേരളം വഴി തയ്യാറാക്കിയ പ്രത്യേക പഠന ഉപകരണങ്ങളും അവയുടെ അവതരണവും പ്രദർശനത്തിലെ മറ്റൊരു മേന്മയായി. കാഴ്ച്ചക്കാവശ്യമായ പ്രത്യേകതരം കണ്ണടകൾ, കൈയ്യിൽ പിടിക്കാവുന്ന ലെൻസുകൾ, അബാക്കസ്, കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോൺ തുടങ്ങിയ വിവിധങ്ങളായ ഉപകരണങ്ങളാണ് പ്രദർശനത്തിലുണ്ടായിരുന്നത്.
ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലേക്ക് സമ്പൂർണ്ണമായി അദ്ധ്യാപനത്തിനും പഠനത്തിനുമായി ഹൈടെക് ഉപകരണങ്ങൾ എത്തിച്ച മണ്ഡലമാണ് തളിപ്പറമ്പ്. ഈ ഹൈടെക് ഉപകരണങ്ങൾ, കൈറ്റ് ഒരുക്കിയ ഹൈടെക് സോഫ്റ്റ് വെയർ സ്റ്റാൾ എന്നിവയും പ്രദർശനത്തിലുണ്ടായിരുന്നു. അടുത്ത വർഷത്തെ വിദ്യാഭ്യാസ പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ സെമിനാറും നടന്നു.