പയ്യന്നൂർ: നവീകരണ പ്രവൃത്തി പൂർത്തിയായ കാങ്കോൽ - ചീമേനി റോഡ് 9 ന് രാവിലെ 9.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്യുമെന്ന് സി കൃഷ്ണൻ എം എൽ എ അറിയിച്ചു.

കിഫ്ബി വഴി അനുവദിച്ച 20.89 കോടി രൂപ ചിലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. കണ്ണൂർ ജില്ലയിൽ കിഫ്ബിയിൽ അനുവദിച്ച് പ്രവർത്തി പൂർത്തിയായി ഉദ്ഘാടനം നിർവഹിക്കപ്പെടുന്ന രണ്ടാമത്തെ റോഡും കേരളത്തിലെ പത്താമത്തെ റോഡുമാണ് കാങ്കോൽ ചീമേനി റോഡ്.

10.2 കിലോമീറ്റർ നീളത്തിൽ 12 മീറ്റർ വീതിയിലാണ് റോഡ് നവീകരിച്ചിട്ടുള്ളത്. 7 മീറ്റർ വീതിയിലാണ് ടാറിങ്ങ്. പയ്യന്നൂർ മണ്ഡലത്തിലെ കാങ്കോലിൽ നിന്നാരംഭിച്ച് സ്വാമിമുക്ക് – ഏറ്റുകുടുക്ക വഴി തൃക്കരിപ്പൂർ മണ്ഡലത്തിലെ ചീമേനിയിലാണ് റോഡിന്റെ റീച്ച് അവസാനിക്കുന്നത്. നവീകരണത്തിന് മുൻപ് ശരാശരി 10 മീറ്റർ വീതിയാണ് റോഡിനുണ്ടായിരുന്നത്. 12 മീറ്റർ വീതിയിലേക്ക് റോഡ് വികസിപ്പിക്കാൻ 5 ഏക്കറോളം സ്ഥലം നാട്ടുകാർ സൗജന്യമായി വിട്ടുനൽകുകയായിരുന്നു.