കാസർകോട്: പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളെ കോടതി മൂന്നുവർഷം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേശ്വരം പ്രതാപ് നഗറിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന അബ്ദുൽ ആരിഫ് എന്ന അച്ചു(42), മുഹമ്മദ് റഫീഖ്(41) എന്നിവരെയാണ് കാസർകോട് അസി. സെഷൻസ് കോടതി ശിക്ഷിച്ചത്. 2012 ജനുവരി 22ന് രാത്രി 11.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. നിരവധി കേസുകളിൽ പ്രതിയായ ആരിഫ് വാടക ക്വാർട്ടേഴ്‌സിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അന്നത്തെ മഞ്ചേശ്വരം എസ് ഐയും ഇപ്പോൾ പഴയങ്ങാടി സി ഐയുമായ എം രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് ഇസ്മായിൽ, ഡ്രൈവർ വിജയൻ എന്നിവർ പ്രതാപ് നഗറിൽ എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ ആക്രമിക്കുകയായിരുന്നു. അബ്ദുൽ ആരിഫും മുഹമ്മദ് റഫീഖും ചേർന്ന് നടത്തിയ അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ എസ് ഐ രാജേഷ് മംഗളുരു ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു.