കാസർകോട്: കാസർകോട് റെയിൽവേ സ്റ്റേഷനു പടിഞ്ഞാറ് ഭാഗത്തെ ഓവുചാൽ വൃത്തിയാക്കുന്നതിനിടെ രണ്ടു തോക്കുകളും ആറു വെടിയുണ്ടകളും കണ്ടെത്തി.
തമിഴ്‌നാട്ടുകാരിയായ പച്ചമ്മയ്ക്കാണ് (42) ഇവ കിട്ടിയത്. ഇരുമ്പ് സാധനങ്ങൾക്കൊപ്പം ആക്രിക്കടയിൽ വിൽക്കാൻ കൊണ്ടുപോകുമ്പോൾ ശ്രദ്ധയിൽപ്പെട്ടവർ പൊലീസിൽ ഏൽപ്പിക്കണമെന്ന് നിർദ്ദേശിക്കുകയായിരുന്നു.
കാസർകോട് ടൗൺ സി.ഐ അബ്ദുൽ റഹീം, എസ്.ഐ ഷെയ്ഖ് അബ്ദുൽ റസാഖ് എന്നിവരുടെ നേതൃത്വത്തിൽ തോക്കും തിരകളും കസ്റ്റഡിയിലെടുത്തു.തുരുമ്പെടുത്തു ദ്രവിച്ച തോക്കുകൾക്കും തിരകൾക്കും 20 വർഷത്തെ പഴക്കമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.
വെടിയുണ്ടകൾ ഓടയിൽ നിന്ന് കണ്ടെടുത്ത തോക്കുകളിൽ ഉപയോഗിക്കുന്നതല്ല എന്നാണ് നിഗമനം. . ഫോറൻസിക് പരിശോധനയ്ക്കു ശേഷമേ ഇക്കാര്യം വ്യക്തമാവൂ. പൊലീസ് 102 ആംസ് ആക്‌ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.