ഇരിട്ടി : ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗം ഇരിട്ടിനഗരത്തിലെയും പരിസര പ്രദേശങ്ങളിലേയും ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും കൂൾബാറുകളിലുമായി നടത്തിയ പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യവുമല്ലാത്ത ഭക്ഷണ സാധനങ്ങൾ പിടികൂടി. ശനിയാഴ്ച രാവിലെ പതിമൂന്നോളം സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഏഴു കടകളിൽ നിന്നാണ് പഴയ ഭക്ഷണം പിടികൂടിയത്.
ഇരിട്ടി നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ കെ കെ കുഞ്ഞിരാമൻ നേതൃത്വത്തിലായിരുന്നു പരിശോധന. ഹോട്ടൽ രസിതയിൽ നിന്നും പഴകിയ മീൻകറിയും നിരോധിത പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു. അനുനാഥ് ഹോട്ടലിൽ നിന്നും പഴകിയ മീൻകറി റാറാവീസ് ഫാസ്റ്റ് ഫുഡിൽനിന്നും തോട് കളഞ്ഞതും പഴകിയതുമായ മുട്ടകൾ , ഇ .എഫ് .സി കൂൾബാർ ആൻഡ് ഫാസ്റ്റ് ഫുഡിൽ നിന്നും ഇറച്ചിക്കറി, പഴകിയതും മുറിച്ചിട്ടതുമായ പഴവർഗ്ഗങ്ങൾ , സ്‌കൈ ഹോസ്പിറ്റൽ കാന്റീനിൽ നിന്നും പഴയ പൊറോട്ട, ചപ്പാത്തി, ചോറ് , ഫ്രൈ ചെയ്ത മത്സ്യം , ചിക്കൺ , വെജിറ്റബിൾ കറി ,മീൻകറി, ഹോട്ടൽ ഫാമിലിയിൽ നിന്നും മീൻകറി , ഹോട്ടൽ ഹിൽ പാർക്കിൽ നിന്നും ചിക്കൻ ഫ്രൈ, ചിക്കൻ കറി ,പരിപ്പുകറി എന്നിവ പിടികൂടി നശിപ്പിച്ചു.
ഇരിട്ടി നഗരസഭ ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ കെ .കെ. കുഞ്ഞിരാമനെ കൂടാതെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി. പി. അജയകുമാർ, എം.സി. അനിത എന്നിവരും പരിശോധനയിൽ പങ്കെടുത്തു.