ഇന്ന് വനിതാദിനം


തലശ്ശേരി: മാഹിയിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ഏറ്റുവാങ്ങിയ ഒരു അമ്മയുണ്ട്. ആവിലാമാതാവ് കഴിഞ്ഞാൽ മയ്യഴിക്കാർ സ്നേഹബഹുമാനത്തോടെ കൈകൂപ്പുന്ന ഡോക്ടറമ്മ. നാല് പതിറ്റാണ്ട് നീളുന്ന ആതുരസേവനത്തിനിടയിൽ ഉത്തരകേരളത്തിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ടി.വി. വസുമതിയോട് ഇന്നാട്ടുകാരുടെ ഓരോ അണുവിലും ഈ സ്നേഹബഹുമാനമുണ്ട്.

സേവന രംഗത്ത് ഡോ. വസുമതി സജീവമാണ്. മാഹിയിൽ മാത്രമല്ല, സമീപ പ്രദേശങ്ങളിലുമുള്ള ഏതാണ്ട് മുഴുവൻ ആളുകളേയും പേര് വിളിക്കാവുന്ന അടുപ്പം ഈ ജനകീയ ഡോക്ടർക്കുണ്ട്.
1981ൽ മാഹി ആരോഗ്യ വകുപ്പിലെ ആദ്യ ഗൈനക്കോളജിസ്റ്റായി മാഹി ഗവ: ജനറൽ ആശുപത്രിയിൽ കടന്നു വന്ന ദിവസം തന്നെ തന്നെ ഇരട്ടക്കുട്ടികളെയാണ് ഇവർ ഏറ്റുവാങ്ങിയത്. 225 ഇരട്ടകളെയാണ് ഇക്കാലത്തിനുള്ളിൽ ഏറ്റുവാങ്ങിയത്.

ഏത് പാതിരാവിലും സഹായം തേടി ഫോൺ വിളിയുണ്ടായാൽ ആശുപത്രിയിൽ കുതിച്ചെത്തുന്ന ശീലമാണ് ഇവർക്കിന്നും.ഓരോ ഗർഭിണിയുടെയും ഹൃദയം തൊട്ടറിഞ്ഞ് സ്‌നേഹനിധിയായ അമ്മയെ പോലെ അരികിലുണ്ടാവുന്ന ഡോക്ടർ നാട്ടുകാർക്കെല്ലാം അത്ഭുതമാണ്.സുദീർഘമായ സർക്കാർ സേവനത്തിനിടയിലും, യാതൊരുവിധ പരാതിക്കും ഇട നൽകാത്ത വിധം ജാഗ്രതയും, സൂക്ഷ്മതയും പുലർത്താൻ അവർക്ക് സാധിച്ചു.

ഓപ്പറേഷൻ തിയേറ്ററിൽ ഹൃദയമിടിപ്പ് പൊടുന്നനെ കൂടി ശ്വാസം തടസപ്പെട്ട് മരണത്തിനും ജീവിതത്തിനുമിടയിലുള്ള എത്രയോ അനുഭവങ്ങളെ തരണം ചെയ്തിട്ടുണ്ട് ഡോക്ടർ. ശസ്ത്രക്രിയ നിർത്തിവെച്ച് ഏറെ നേരം തുടർച്ചയായി മാസ്സേജ് ചെയത് അവിശ്വസനീയമാം വിധം ഗർഭിണിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനായത് കരിയറിലെ മറക്കാനാവാത്ത അനുഭവമാണ്. ഗർഭപാത്രത്തിന് പുറത്ത് ഗർഭം ധരിച്ച് അപകടാവസ്ഥയിലായ കേസുകളും കൈകാര്യം ചെയ്തിട്ടുണ്ട് ഡോക്ടർ. ഏത് വെല്ലുവിളിയും ഏറ്റെടുക്കാനുള്ള ആത്മധൈര്യം തന്റെ പിതാവിൽ നിന്നുമാണ് ആർജ്ജിച്ചതെന്ന് ഡോക്ടർ പറയുന്നു.

നാദാപുരം, കല്ലാച്ചി, പെരിങ്ങത്തൂർ, ന്യൂ മാഹി, ചൊക്‌ളി, അഴിയൂർ, ചോമ്പാല, കല്ലാമല, മോന്താൽ, കരിയാട് തുടങ്ങിയ വിദൂരങ്ങളിൽ നിന്നു പോലും ഗർഭിണികൾ ഇന്നും തങ്ങളുടെ കുടുംബ ഡോക്ടറായ വസുമതിയെ കാണാനെത്തുന്നുണ്ട്.

അച്ഛൻ എടുത്ത മകൾ
ഡോ: വസുമതിയുടെ ജനനം തന്നെ കൗതുകകരമാണ്. അമ്മ വേലാണ്ടി ദേവകി പുലർച്ചെ നാല് മണിക്ക് വീട്ടിൽ വച്ച് പ്രസവിക്കുമ്പോൾ കുട്ടിയെ എടുത്തത് വൈദ്യൻ കൂടിയായ സ്വന്തം പിതാവ് തന്നെയായിരുന്നു.
ഗുരുദേവഭക്തനും, വൈദ്യനും സംസ്‌കൃതപണ്ഡിതനുമായിരുന്ന വിദ്വാൻ കെ.ടി. കൃഷ്ണൻ ഗുരുക്കളുടെ മകളായ വസുമതിയായിരുന്നു കുടുംബത്തിലെ ആദ്യ ഡോക്ടർ.എന്നാലിപ്പോൾ വസുമതിയുടെ പിൻമുറക്കാരായി ഒന്നര ഡസനോളം ഡോക്ടർമാർ ഈ കടുംബത്തിലുണ്ട്. ഗുരുദേവന്റെ അനുഗ്രഹാശിസ്സുകൾക്ക് പാത്രീഭൂതരായ , ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ പ്രൗഢമായ ഒരു കടുംബത്തിലാണ് വസുമതി ജനിച്ചത്.റിട്ട: ഹൈക്കോടതി ജഡ്ജി ടി.വി.രാമകൃഷ്ണൻ, അന്തർദ്ദേശീയ പ്രശസ്തനായ കൃഷി ശാസ്ത്രജ്ഞരായ ഡോ. ടി.വി.ശ്രീനിവാസ് ,ഡോ :ടി.വി.വിശ്വനാഥൻ, ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരനായ റിട്ട. സൂപ്രണ്ടിംഗ് എൻജിനീയർ ടി.വി. വസുമിത്രൻ, ശാരദാമണി എന്നിവർ സഹോദരങ്ങളാണ്.പുതുച്ചേരി ആരോഗ്യ വകുപ്പിൽ നിന്ന് വിരമിച്ച ഡെ.ഡയറക്ടറും, മലയാള കലാഗ്രാമം ട്രസ്റ്റിയുമായ ഡോ.എ.പി.ശ്രീധരനാണ് ഭർത്താവ്. എറണാകുളം അമൃത മെഡിക്കൽ കോളജിലെ വൃക്കരോഗ വിദഗ്ധൻ ഡോ: സന്ദീപും, ബാംഗ്‌ളൂരിലെ വിപ്രോ കമ്പനിയിൽ സീനിയർ ബിസ്സിനസ്സ് കൺസൾട്ടന്റായ വരുണുമാണ് മക്കൾ.