തലശ്ശേരി: ജഗന്നാഥ ക്ഷേത്ര ഭരണസമിതിയായ ശ്രീ ജ്ഞാനോദയയോഗത്തെ മുന്നിൽ നിന്ന് നയിച്ച മൂന്നുതലമുറയിൽപെട്ടവർ-കൊറ്റിയത്ത് തറവാട്ടിന് അവകാശപ്പെട്ടതാണ് ഈ പ്രസിദ്ധി. സാക്ഷാൽ മഹാഗുരു നേരിട്ട് നിയോഗിച്ച രാമുണ്ണി വക്കീലും മകൻ കൊറ്റിയത്ത് കൃഷ്ണനും കൊറ്റിയത്ത് പത്മനാഭനുമാണ് വിവിധ കാലങ്ങളിൽ ശ്രീജ്ഞാനോദയയോഗത്തെ നയിച്ച പ്രഗത്ഭർ.

ജഗന്നാഥ ക്ഷേത്രത്തിന്റെ മുഹൂർത്തക്കല്ല് സ്ഥാപിക്കാൻ ഗുരു നിയോഗിച്ചത് കൊറ്റിയത്ത് രാമുണ്ണി വക്കീലിനെയായിരുന്നു. ക്ഷേത്ര നിർമ്മാണ വേളയിൽ അവിശ്രമം ഓടിനടന്ന് പ്രവർത്തിച്ച വക്കീൽ ഒരു വ്യാഴവട്ടക്കാലം യോഗത്തിന്റെ പ്രസിഡന്റുമായിരുന്നു.
ഉത്തരകേരളത്തിലെ അറിയപ്പെടുന്ന സമുദായ പരിഷ്‌ക്കർത്താവും ഗുരുദേവദർശനങ്ങളുടെ ശക്തനായ പ്രചാരകനുമായിരുന്നു അദ്ദേഹം. ഗുരുധർമ്മ പ്രചാരണത്തിനും നാടിന്റെ സാംസ്‌ക്കാരിക ഉന്നതിക്കും വേണ്ടി തലശ്ശേരിയിലും സമീപ പ്രദേശങ്ങളിലും ശ്രീ നാരായണ മഠങ്ങൾ സ്ഥാപിക്കുന്നതിന്റെ മുഖ്യ സൂത്രധാരൻ കൂടിയായിരുന്നു അദ്ദേഹം.
ശ്രീ നാരായണ ധർമ്മ പരിപാലന യോഗത്തിന്റെ അദ്ധ്യക്ഷ പദവി അലങ്കരിച്ച കൊറ്റിയത്ത് രാമുണ്ണി വക്കീൽ പൗരപ്രമുഖനും തലശ്ശേരി നഗരസഭാ ചെയർമാനുമായിരുന്നു.രാമുണ്ണി വക്കീലിന്റെ മകൻ കൊറ്റിയത്ത് കൃഷ്ണനും പിതാവിന്റെ വഴിയേ സഞ്ചരിച്ച മഹാരഥനായിരുന്നു.
ക്ഷേത്ര ചരിത്രത്തിൽ ഒട്ടേറെ സുപ്രധാന കർമ്മങ്ങൾക്ക് കർമ്മികത്വം വഹിക്കാൻ കഴിഞ്ഞ ഗുരുഭക്തനായിരുന്നു ക്ഷേത്രം പ്രസിഡന്റായിരുന്നു കൃഷ്ണൻ വക്കീൽ. ശ്രീകോവിലിന്റെ മുകൾഭാഗം ചെമ്പ് മേഞ്ഞതും സംസ്‌കൃത വിദ്യാലയം സ്ഥാപിച്ചതും നാടാകെ ഗുരുദർശന പ്രഭാഷണങ്ങൾ സംഘടിപ്പിച്ചതും പ്രാദേശിക തലത്തിൽ ഗുരുഭക്തരെ കണ്ടെത്തി അവിടങ്ങളിൽ മഠങ്ങൾ സ്ഥാപിച്ചതും കൃഷ്ണൻ വക്കീലിന്റെ നേതൃത്വത്തിലായിരുന്നു. ആദ്യമായി ഉത്സവ വേളയിൽ കന്നുകാലി ചന്തയും ദേശീയ വ്യവസായ കൃഷി പ്രദർശനവും സംഘടിപ്പിച്ചതും അദ്ദേഹമായിരുന്നു.എസ്.എൻ.ഡി.പി വാർഷിക യോഗത്തിന്റെ അദ്ധ്യക്ഷ പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.

കൊറ്റിയത്ത് പത്മനാഭനാണ് ജ്ഞാനോദയ യോഗത്തിന്റെ അദ്ധ്യക്ഷനായിരിക്കാൻ ഭാഗ്യം സിദ്ധിച്ച മൂന്നാമൻ. ക്ഷേത്രത്തിന്റെ വളർച്ചയിൽ അതുല്യമായ സേവനം നടത്തിയ കൊറ്റിയത്ത് പത്മനാഭനും ക്ഷേത്ര ചരിത്രത്തിന്റെ ഭാഗമാണ്. ഗുരുദേവാനുഗ്രഹം സിദ്ധിച്ച കുടുംബമാണ് ഇവരുടേത്.
ജില്ലാ കോടതിക്കപ്പുറം റസ്റ്റ് ഹൗസ് റോഡിലെ തലയെടുപ്പുള്ള കൊറ്റിയത്ത് ഭവനത്തിന്റെ മുൻവശത്തായുള്ള തറവാട്ട് ശ്മശാനത്തിലാണ് ഈ മൂന്ന് മഹാരഥന്മാരും അന്ത്യവിശ്രമം കൊള്ളുന്നത്.


ഗുരുദേവനും, കുമാരനാശാനോടുമൊപ്പം കൊറ്റിയത്ത് രാമുണ്ണി വക്കീൽ